lulumal

ദുബായ്: ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ ഉത്തർപ്രദേശിലെ ലക്‌നൗവിൽ രണ്ടായിരം കോടി ചെലവിൽ ലുലു മാൾ നിർമിക്കുന്നു എന്ന വാർത്ത നമ്മൾ എല്ലാവരും കേട്ടതാണ്. 20 ലക്ഷം ചതുരശ്ര അടി വിസ്തൃതിയിൽ നിർമിക്കുന്ന ഉത്തരേന്ത്യയിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാൾ അയ്യായിരത്തിലേറെ പേർക്ക് തൊഴിൽ നൽകുമെന്ന് ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എം.എ യൂസഫലി പറഞ്ഞിരുന്നു. ലക്‌നൗവിൽ നടന്ന യു.പി ഇൻവെസ്റ്റേഴ്സ് മീറ്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിദ്ധ്യത്തിലാണ് എം.എ യൂസഫലി പുതിയ പ്രോജക്ടിന്റെ പ്രഖ്യാപനം നടത്തിയത്.

എന്നാൽ ലുലു മാൾ സ്ഥാപിക്കുന്നതിനായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സമീപിച്ചപ്പോഴുണ്ടായ നല്ല അനുഭവം പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ് എം.എ യൂസഫലി. മാൾ ആംരഭിക്കുന്നതിന് മുഖ്യമന്ത്രിയെ സമീപിച്ചപ്പോൾ അദ്ദേഹം ഒരു ഐ.എ.എസ് ഉദ്യോഗസ്ഥനെ സഹായത്തിനായി നിയോഗിച്ചു. 5000 പേർക്ക് തൊഴിൽ ലഭിക്കുന്ന സംരംഭത്തിന് അവ‌ർ മുന്തിയ പരിഗണനയാണ് നൽകിയത്. ഞങ്ങളുടെ ലെയ്സൺ ഓഫീസറായി ആ ഉദ്യോഗസ്ഥൻ മാറി- യൂസഫലി പറഞ്ഞു. ദുബായിൽ സംഘടിപ്പിച്ച ലോക കേരള സഭയിലാണ് യൂസഫലി ഇക്കാര്യം വ്യക്തമാക്കിയത്.

അതേസമയം, കോഴിക്കോട് ലുലുമാൾ വരാത്തതിന്റെ കാരണവും യുസഫലി വ്യക്തമാക്കി. കോഴിക്കോട്ട് മാൾ തുടങ്ങാൻ സർക്കാരിനോട് താത്പര്യമറിയിച്ചിരുന്നു. മൂന്നുമാസത്തിനകം സർക്കാരിന്റ അനുമതികളെല്ലാം ലഭിച്ചു. പണി തുടങ്ങാനിരിക്കുവേ, വേഗത്തിൽ മാളിന് അനുമതി നൽകിയത് ചോദ്യംചെയ്ത് ഒരു വ്യക്തി കേസുനൽകി. കേസായപ്പോൾ പദ്ധതി നീണ്ടുപോവുകയായിരുന്നെന്ന് യൂസഫലി വ്യക്തമാക്കി.