കൽപ്പറ്റ: പുൽവാമ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സി.ആർ.പി.എഫ് ജവാൻ വസന്തകുമാറിന്റെ ഭൗതിക ശരീരം കഴിഞ്ഞ ദിവസം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. കണ്ണൂരിൽനിന്ന് സി.ആർ.പി.എഫ് അസിസ്റ്റന്റ് കമൻഡാന്റ് അലക്സ് ജോർജും സംഘവുമാണ് വസന്തകുമാറിന്റ ഭൗതികശരീരം വീട്ടിലെത്തിച്ചത്. ജവാന്റെ വീട്ടുകാരെ കണ്ട ശേഷം അലക്സ് ജോർജ്ജ് വസന്തകുമാറിന്റെ അർദ്ധസഹോദരനായ സജീവിനെ ആൾക്കൂട്ടത്തിനരികിൽ നിന്ന് മാറ്റിനിർത്തിയ ശേഷം വിങ്ങലോടെ പറഞ്ഞു: ''വസന്തകുമാറിന്റെ പെട്ടി തുറക്കില്ല, ഭൗതിക ദേഹം കാണാനായി ആരും വാശി പിടിക്കരുത്. ബന്ധുക്കളെ ഇക്കാര്യം അറിയിക്കണം..''
നിശബ്ദനായി നിന്ന സജീവ് തലതാഴ്‌ത്തി മേലുദ്യോഗസ്ഥന്റെ സന്ദേശവുമായി വസന്തകുമാറിന്റെ വീട്ടിലേക്ക് തിരിഞ്ഞ് നടന്നു. അല്പനേരത്തിനു ശേഷം വീട്ടിനുള്ളിൽ നിന്ന് ഒരു തേങ്ങലുയർന്നു.
‘പൊന്നുമോനെ ഒന്നു കാണാൻപോലും പറ്റുന്നില്ലല്ലോ...’ ധീരജവാന്റെ ഭൗതിക ശരീരം അടങ്ങിയ പെട്ടി നോക്കി അമ്മ ശാന്ത നിലവിളിക്കുമ്പോൾ കണ്ടുനിന്നവരുടെ കണ്ണിലും ഇടനെഞ്ചിലും നോവിന്റെ തിരമാലകളുയർന്നു. പ്രിയതമനെ മരണം തട്ടിയെടുത്തത് വിശ്വസിക്കാനാകാതെ അദ്ദേഹത്തിന്റെ ഭാര്യ ഷീന പെട്ടിക്കു മുകളിലേക്ക് തളർന്നുവീണു. എട്ടു വയസ്സുള്ള മകൾ അനാമിക പെട്ടിയിലേക്ക് ചേർന്ന് പൊട്ടിക്കരഞ്ഞു. വീട്ടിലെത്തിയ ബന്ധുക്കളെയും നാട്ടുകാരെയും നോക്കി അഞ്ചുവയസുകാരനായ മകൻ ഒന്നുമറിയാതെ അവിടെ നോക്കി നിൽക്കുകയായിരുന്നു. എല്ലാ കാഴ്ചകളും നിശ്ശബ്ദമായി വിങ്ങലോടെ മാത്രം നോക്കിനിൽക്കാനേ വീട്ടിലെത്തിയവർക്ക് കഴിഞ്ഞിരുന്നുള്ളു.
തുടർന്ന് വസന്തകുമാർ ഉപയോഗിച്ച വസ്ത്രങ്ങളും മറ്റു സാധനങ്ങളും ഉറ്റവരെ ഏൽപ്പിച്ചു. ശേഷം ലക്കിടി സ്കൂളിൽ പൊതുദർശനത്തിനും തൃക്കൈപ്പറ്റയിലെ തറവാട്ടിലും പൊതുദർശനത്തിന് വച്ചു. വസന്തകുമാറിന് അന്ത്യോപചാരമർപ്പിക്കാൻ പതിനായിരങ്ങളാണ് എത്തിയത്. രാത്രി 9.45ന് സൈനിക ബഹുമതികളോടെ മുക്കം കുന്ന് കുടുംബ ശ്മശാനത്തിൽ വസന്തകുമാറിന്റെ ഭൗതിക ശരീരം സംസ്കരിച്ചു.