കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള ഇടക്കാല ബജറ്റിൽ കർഷകർക്ക് വൻ ആശ്വാസമേകുന്ന കേന്ദ്രസർക്കാരിന്റെ പ്രഖ്യാപനമായ പ്രധാൻമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതി നിലവിൽ വന്നു. അഞ്ച് ഏക്കർ വരെ കൃഷി ഭൂമിയുളള ചെറുകിട പരിമിത കർഷക കുടുംബങ്ങൾക്ക് (ഭർത്താവ്, ഭാര്യ, 18 വയസ്സിനു താഴെയുളള മക്കൾ എന്നിവർ ഉൾപ്പെട്ടത്) 6000 രൂപ വീതം പ്രതിവർഷം നൽകുന്നതാണ് പദ്ധതി. 2000 രൂപ വീതം മൂന്ന് ഗഡുവായിട്ടാണ് കർഷകരുടെ അക്കൗണ്ടിൽ ലഭിക്കും.
2019 ഫെബ്രുവരി ഒന്നിന് കൈവശമുളള കൃഷിയോഗ്യമായ വസ്തുവിന്റെ അടിസ്ഥാനത്തിലാണ് പദ്ധതിയിൽ ചേർക്കുന്നതിന് യോഗ്യത നിശ്ചയിക്കുന്നത്. സർക്കാർ സർവ്വീസിൽ നിന്ന് വിരമിച്ചവർ, സർക്കാർ ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, പ്രതിമാസം 10000 രൂപയോ അതിൽ കൂടുതൽ പെൻഷൻ വാങ്ങുന്നവർ, ഇൻകംടാക്‌സ് അടക്കുന്നവർ, പ്രൊഫഷണലുകൾ, പാട്ടകൃഷിക്കാർ, പട്ടയം ഇല്ലാത്തവർ, ആധാർ ഇല്ലാത്തവർ, കൃഷിയോഗ്യമായ സ്ഥലം ഇല്ലാത്തവർ 2019 ഫെബ്രുവരി ഒന്നിന് ശേഷം കൃഷിഭൂമി വാങ്ങിയവർ തുടങ്ങിയവർക്ക് ആനുകൂല്യം ലഭിക്കില്ല.
ഈ മാസം 26 ന് മുമ്പായി രേഖകൾ സഹിതം കൃഷിഭവനുകളിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് മുൻഗണന ലഭിക്കും. അപേക്ഷയോടൊപ്പം ആധാർ കാർഡ്, റേഷൻ കാർഡ്, ബാക്ക് പാസ്ബുക്കിന്റെ പകർപ്പ് എന്നിവയുണ്ടായിരിക്കണമെന്ന് പ്രിൻസിപ്പൽ അഗ്രികൾച്ചർ ഓഫീസർ അറിയിച്ചു.
പദ്ധതിയുടെ നൂറുശതമാനം ബാധ്യതയും കേന്ദ്ര സർക്കാരാണ് വഹിക്കുക. പദ്ധതിക്കായി ബജറ്റിൽ 75,000 കോടി രൂപയാണ് വകയിരുത്തിയത്. വർധിക്കുന്ന ഉൽപാദന ചെലവും വിളകൾക്ക് മതിയായ വില ലഭിക്കാത്ത സാഹചര്യത്തിലും ചെറുകിട, ഇടത്തരം കർഷകരുടെ വാർഷിക വരുമാനത്തിനുള്ള കൈത്താങ്ങെന്ന നിലയിലായിരുന്നു ഈ പ്രഖ്യാപനം.