pak-website-hacked

ന്യൂഡൽഹി: കാശ്മീരിലെ പുൽവാമയിൽ നടന്ന ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ് സൈറ്റ് ഹാക്ക് ചെയ്തു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സൈറ്റ് ലഭ്യമാകുന്നില്ലെന്ന പരാതി റിപ്പോർട്ട് ചെയ്യുന്നുണ്ടെന്ന് വിദേശകാര്യ വക്താവ് മുഹമ്മദ് ഫൈസൽ അറിയിച്ചു. സംഭവത്തിന് പിന്നിൽ ഇന്ത്യയാണെന്നും അദ്ദേഹം ആരോപിച്ചു. ആസ്ട്രേലിയ, സൗദി അറേബ്യ, യു.കെ, നെതർലാന്റ് എന്നീ രാജ്യങ്ങളിൽ നിന്നാണ് സൈറ്റ് ലഭിക്കുന്നില്ലെന്ന പരാതി ഉയരുന്നത്. ഇതിനെ തുടർന്ന് പാക് പ്രവാസികൾക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടെന്നും റിപ്പോർട്ടുണ്ട്.

രണ്ട് ദിവസങ്ങൾക്ക് മുമ്പ് കാശ്‌മീരിൽ നടന്ന ഭീകരാക്രമണത്തിന് പിന്നാലെയാണ് പാകിസ്ഥാന്റെ സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടത്. അതേസമയം, കാശ്‌മീരിലെ പുൽവാമയിൽ നടന്ന ഭീകരാക്രമണത്തിൽ സൈനികർ കൊല്ലപ്പെടാനിടയായ സംഭവത്തിൽ പാകിസ്ഥാന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകൾ പുറത്തുവിട്ട് ഇന്ത്യ രംഗത്തെത്തി. ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസർ ഭീകരാക്രമണം ആസൂത്രണം ചെയ്തതിന്റെ കൂടുതൽ തെളിവുകളാണ് അന്വേഷണ ഏജൻസികൾക്ക് ലഭിച്ചിരിക്കുന്നത്.

ഇതിനിടെ ജമ്മുകാശ്മീരിൽ 40 ജവാന്മാർ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടതിന്റെ പ്രതികാരമായി ഇന്ത്യ മിന്നലാക്രമണം നടത്തുമെന്ന റിപ്പോർട്ടിനെ തുടർന്ന് പാകിസ്ഥാൻ ഭീകരവാദ ക്യാമ്പുകൾ ഒഴിപ്പിക്കുന്നു. ഭീകരാക്രമത്തിന്റെ പിന്നിൽ പ്രവർത്തിച്ചവർക്ക് ശക്തമായ തിരിച്ചടി നൽകുമെന്ന് ഇന്ത്യയുടെ മുന്നറിയിപ്പിനെ തുടർന്നാണ് നടപടി.ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവർക്ക് ശക്തമായ തിരിച്ചടി നൽകുമെന്നും സൈനികരുടെ ജീവത്യാഗം വെറുതെയാകില്ലെന്നും പ്രധാനമന്ത്രി മോദിയും ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗും വ്യക്തമാക്കിയിട്ടുണ്ട്. തിരിച്ചടിക്കായി സൈന്യത്തിന് പൂർണ്ണ സ്വാതന്ത്രം നൽകിയതായും പ്രധാനമന്ത്രി പറഞ്ഞിരുന്നു. ഇതിനെ തുടർന്നാവാം ക്യാമ്പുകൾ ഒഴിപ്പിക്കാൻ തീരുമാനിച്ചത്.