rajanikanth

ചെന്നെെ: ലോക്‌സഭാ തിര‌ഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നും ലക്ഷ്യം നിയമസഭാ തിരഞ്ഞെടുപ്പാണെന്നും നടൻ രജനീകാന്ത്. തന്റെ ചിത്രങ്ങൾ പ്രചരണങ്ങൾക്ക് ഉപയോഗിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഒരു പാർട്ടിയെയും പിന്തുണക്കാനില്ല. സംസ്ഥാനത്തെ പ്രധാന ജനകീയ വിഷയങ്ങളിലാണ് താനിപ്പോൾ ശ്രദ്ധയൂന്നുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് രജനി മക്കൾ മൻട്രം പ്രവർത്തിക്കുന്നത്.

അതിനാൽ ഇത്തവണ മത്സരിക്കാനില്ലെന്നും രജനീകാന്ത് വ്യക്തമാക്കി. വാർത്താക്കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ''ഇത്തവണ ഞാൻ മത്സരിക്കാനില്ല, ഒരു പാർട്ടിയും പ്രചാരണത്തിനായി എന്റെ ചിത്രമോ, എന്റെ സംഘടനയുടെ ലോഗോയോ ഉപയോഗിക്കാൻ പാടില്ല.'' എന്നാൽ, ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സ്ഥിരതയുള്ള സർക്കാരിനായി വോട്ട് ചെയ്യണമെന്നും രജനി ജനങ്ങളോട് ആഹ്വാനം ചെയ്യുന്നു. 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ രജനീകാന്ത് മത്സരിക്കുമെന്ന് നേരത്തേ വ്യക്തമാക്കിയിരുന്നു.