കോട്ടയം: എൻ.എസ്.എസ് സംഘടനയിലെ മഹാഭൂരിപക്ഷവും ഇടതുപക്ഷത്തോടൊപ്പമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പരാമർശത്തിന് മറുപടിയുമായി എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ രംഗത്ത്. എൻ.എസ്.എസിലെ ഭൂരിഭാഗവും ഇടതിനോടൊപ്പമെന്ന പ്രസ്താവന നിരർത്ഥകമാണെന്ന് സുകുമാരൻ നായർ പറഞ്ഞു. എൻ.എസ്.എസിനെ സി.പി.എം ചെറുതായി കാണേണ്ട. സമയം പോലെ പറ്റിക്കൂടി നേട്ടം ഉണ്ടാക്കുന്നവരല്ല എൻ.എസ്.എസ്. ഇത്തരത്തിൽ മുമ്പ് പറഞ്ഞവരുടെ അവസ്ഥ ഓർക്കണമെന്നും സുകുമാരൻ നായർ ഓർമ്മിപ്പിച്ചു.
സാമുദായിക സംഘടനകളൊന്നും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ശത്രുക്കളല്ലെന്നും എൻ.എസ്.എസുമായുൾപ്പെടെ സഹകരിച്ച് പ്രവർത്തിക്കാൻ ഇടതുപക്ഷം തയ്യാറാണെന്നും എൽ.ഡി.എഫ് തെക്കൻ മേഖലാ ജനസംരക്ഷണയാത്രയുടെ പര്യടനത്തിനിടെ കോടിയേരി പറഞ്ഞിരുന്നു. എൻ.എസ്.എസിലെ മഹാഭൂരിപക്ഷവും ഇടതിനൊപ്പമാണ്. നേതൃത്വത്തിന് വിപ്രതിപത്തി കാണുമായിരിക്കും. അത് അഭിപ്രായമായി മാത്രമേ കണക്കാക്കുന്നുള്ളൂ. ശത്രുതാപരമായി കാണില്ല. നവോത്ഥാനമൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് നിന്നിട്ടുള്ളവരാണ് സമുദായസംഘടനകൾ. അത്തരം ശ്രമങ്ങൾക്കൊപ്പം എല്ലാ കാലത്തും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ നിന്നിട്ടുണ്ടെന്നും കോടിയേരി വ്യക്തമാക്കിയിരുന്നു.