അഹമ്മദാബാദ്: ലോക്‌സഭ തിരഞ്ഞെടുപ്പ് മാറ്റിവച്ചാലും കുഴപ്പമില്ല പാകിസ്ഥാനെ തിരിച്ചടിക്കണെമെന്ന് ഗുജ്റാത്ത് ടൂറിസം മന്ത്രി ഗണപത് സിങ് വാസവ. സൂറത്തിൽ ഒരു പൊതുപരിപാടിക്കിടെ പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യുവരിച്ച സൈനികർക്ക് ആദരാഞ്ജലികൾ അർപ്പിച്ച ശേഷമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
പാകിസ്ഥാന് തിരിച്ചടി നൽകുകയെന്നതാണ് നമ്മൾ 125കോടി ഇന്ത്യക്കാരുടെയും ആവശ്യം. നമ്മുടെ സൈന്യത്തെ കൊലപ്പെടുത്തിയ അവർക്ക് നമ്മൾ തിരിച്ചടി നൽകണം. സൈന്യത്തിൽ ഞങ്ങൾക്ക് പൂർണവിശ്വാസമുണ്ട്. പാകിസ്ഥാന് തിരിച്ചടി നൽകാനുള്ള സമയവും സന്ദർഭവും തീരുമാനിക്കുമെന്ന് സി.ആർ.പി.എഫ് പറഞ്ഞിട്ടുണ്ടെന്നും വാസവ വ്യക്തമാക്കി.
ചടങ്ങിൽ സൈനികർക്ക് ആദരാഞ്ജലികൾ അർപ്പിച്ച ശേഷം തിരഞ്ഞെടുപ്പ് മാറ്റിവച്ച് പാകിസ്ഥാനെ ആക്രമിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പിന് മുൻപ് തന്നെ പാകിസ്ഥാന് തിരിച്ചടി നൽകണമെന്നും ഇനി തിരഞ്ഞെടുപ്പ് രണ്ട് മാസം വൈകിയാലും കുഴപ്പമില്ലെന്നും പാകിസ്ഥാനെ പാഠം പഠിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു.