തിരുവനന്തപുരം: കാശ്മീരിൽ വീരമൃത്യു വരിച്ച സി.ആർ.പി.എഫ് ജവാൻ വി.വി വസന്തകുമാറിന്റെ അന്ത്യകർമ്മങ്ങളിൽ പങ്കെടുക്കുന്നതിനിടെ സെൽഫി എടുത്തെന്നാരോപണം നേരിടുന്ന കേന്ദ്ര മന്ത്രി അൽഫോൺസ് കണ്ണന്താനം പ്രതികരണവുമായി രംഗത്ത്. ഇന്നലെ തന്റെ ഫേസ്ബുക്കിൽ പ്രസിദ്ധീകരിച്ച ചിത്രം സെൽഫിയാണെന്ന ആരോപണമുന്നയിക്കുകയും അത് വിവാദമാകുകയും ചെയ്തിരുന്നു. വീരമൃത്യു വരിച്ച ജവാന്റെ വസതിയിൽ ഞാൻ ആദരാഞ്ജലികൾ അർപ്പിച്ചു മന്നോട്ടു കടക്കമ്പോൾ ആരോ എടുത്ത് സോഷ്യൽ മീഡിയ കൈകാര്യം ചെയുന്ന എന്റെ ഓഫീസിലേക്ക് അയച്ചു കൊടുത്തതാണ് മേൽപറഞ്ഞ ചിത്രമെന്ന് അൽഫോൺസ് കണ്ണന്താനം പറഞ്ഞു. ആ ചിത്രം സെൽഫിയല്ലെന്ന് വിശദമായി നോക്കിയാൽ മനസിലാകുമെന്നും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ കണ്ണന്താനം വ്യക്തമാക്കി.
ഞാൻ സെൽഫി എടുക്കാറില്ല, ഇതുവരെ സെൽഫി എടുത്തിട്ടുമില്ല. വീര മൃത്യു വരിച്ച ജവാന്റെ വസതിയിൽ നടന്ന അന്ത്യകർമ്മങ്ങളുടെ ലൈവ് ചില മാധ്യമങ്ങൾ സംപ്രേഷണം ചെയ്തിരുന്നു. അതിലും കാര്യങ്ങൾ വ്യക്തമാണ്. എന്റെ രാജ്യസ്‌നേഹത്തെ ചോദ്യം ചെയ്യുന്നവരോട് എനിക്ക് പറയാനുള്ളത് കഴിഞ്ഞ 40 വർഷം ഞാൻ പൊതുരംഗത്ത് വിവിധ ചുമതലകൾ വഹിച്ചുകൊണ്ട് നിസ്വാർത്ഥമായി രാജ്യപുരോഗതി മാത്രം മുന്നിൽ കണ്ടുകൊണ്ടു ജനസേവനം നടത്തിക്കൊണ്ടിരിക്കുന്ന വ്യക്തിയാണ്. അതിനു കളക്ടർ പദവിയോ മന്ത്രി കസേരയോ വേണമെന്ന് ഞാൻ നിഷ്‌കർഷിച്ചിട്ടില്ല.
വളരെക്കാലം പദവികളൊന്നും വഹിക്കാതെ തന്നെ ഡൽഹിയിലെ ചേരിപ്രദേശങ്ങളിൽ അവിടുത്തെ ജനങ്ങളുടെ ക്ഷേമത്തിനും ഉന്നമനത്തിനും വേണ്ടി സ്വമനസ്സാലെ സേവനമനുഷ്ഠിച്ചിട്ടുണ്ട്. എന്റെ പിതാവും ഒരു സൈനികനായിരുന്നു. അതുകൊണ്ടു തന്നെ ഇന്ത്യൻ സൈനികരുടെ ത്യാഗവും മഹത്വവും എന്താണെന്നു എനിക്ക് ചെറുപ്പം മുലേ മനസിലാക്കാനും ഉൾക്കൊള്ളാനും സാധിച്ചിട്ടുണ്ട്. ആവശ്യമില്ലാത്ത വിവാദങ്ങളുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്താതെ രാഷ്ട്രപുരോഗതിക്കു വേണ്ടി നിസ്വാർത്ഥമായി പ്രയത്നിക്കുകയാണ് യുവതലമുറ ഉൾപ്പടെയുള്ളവർ ചെയ്യേണ്ടതെന്നും കണ്ണന്താനം വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം