sbi-branch-attack

തിരുവനന്തപുരം: ദേശീയ പണിമുടക്ക് ദിനത്തിൽ എസ്.ബി.ഐ ട്രഷറി ബാങ്ക് ആക്രമിച്ച നേതാവിനെ വീണ്ടും നേതൃനിരയിലെത്തിച്ച് എൻ.ജി.ഒ യുണിയൻ. വർക്കലയിൽ നടന്ന എൻ.ജി.ഒ യൂണിയൻ ജില്ലാ സമ്മേളനത്തിലാണ് കെ.എ ബിജുരാജിനെ തിരുവനന്തപുരം നോർത്ത് ജില്ലാ പ്രസിഡന്റായി തിരഞ്ഞെടുത്തത്. ആക്രമണക്കേസിൽ പ്രതിയായ ഇയാൾ ഇപ്പോൾ സർവീസിൽ സസ്‌പെൻഷനിലാണ്.

കേസിലെ ആറാം പ്രതിയാണ് കെ.എ ബിജുരാജ്. സംഘടനാതലത്തിൽ അന്വേഷണം തുടരുകയാണെന്നാണ് സർവീസ് സംഘടന ഇതിന് നൽകുന്ന വിശദീകരണം. ജനുവരി 8, 9 തീയതികളിൽ നടന്ന ദേശീയ പണിമുടക്ക് ദിവസങ്ങളിലാണ് തിരുവനന്തപുരം സ്റ്റാച്യൂവിലുള്ള എസ്.ബി.ഐയുടെ ട്രഷറി ശാഖ സമരക്കാരെന്ന പേരിലെത്തിയ അക്രമികൾ അടിച്ചു തകർത്തത്.

സ്റ്റാച്യൂവിനടുത്ത് സംയുക്തസമരസമിതിയുടെ പന്തലിന് തൊട്ടടുത്തുള്ള ബ്രാഞ്ചിന് നേരെയാണ് ആക്രമണമുണ്ടായത്. രണ്ട് ദിവസത്തെ പണിമുടക്കിൽ ആദ്യദിനം എസ്.ബി.ഐ ബ്രാഞ്ചുകൾ പലതും പ്രവ‍ർത്തിക്കുന്നുണ്ടായിരുന്നു. രാവിലെ പത്തരയോടെ ഒരു സംഘമാളുകൾ ബ്രാ‍ഞ്ചിന്റെ താഴത്തെ നിലയിലെത്തി ബാങ്കിന്റെ പ്രവർത്തനം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.