jackfruit

തിരുവനന്തപുരം: ചക്കക്കാലം തുടങ്ങിയതോടെ കേരളത്തിൽ പ്രമേഹത്തിനുള്ള മരുന്നിന്റെ വിൽപ്പന കുറഞ്ഞത് 25 ശതമാനമെന്ന് റിപ്പോർട്ടുകൾ. ഭക്ഷണത്തിൽ ചക്കയുടെ ഉപയോഗം കൂടുകയും ചോറിന്റെ അളവ് കുറയുകയും ചെയ്‌തതോടെയാണിത്. തിരുവനന്തപുരത്ത് നടക്കുന്ന അന്താരാഷ്ട്ര ആയുഷ് കോൺക്ലേവിൽ മൈക്രോസോഫ്റ്റിന്റെ മുൻ ഡയറക്ടർ ജെയിംസ് ജോസഫ് പഠന റിപ്പോർട്ടിലാണ് ഇതു സംബന്ധിച്ച കാര്യങ്ങൾ വ്യക്തമാക്കിയത്.

മരുന്നുപയോഗത്തെ കുറിച്ച് നിരീക്ഷിക്കാൻ പ്രമേഹമരുന്നിനായി സാധാരണക്കാർ കൂടുതൽ ആശ്രയിക്കുന്ന കാരുണ്യ ഫാർമസികളിലെ വിൽപ്പനയാണ് പരിശോധിച്ചത്. ചക്ക കൂടുതലായി ഉപയോഗിക്കുന്നത് സാധാരണക്കാരാണെന്ന നിഗമനത്തിൽക്കൂടിയാണിത്. മാർച്ചിൽ എട്ടുലക്ഷം യൂണിറ്റ് മരുന്നാണ് വിറ്റിരുന്നത്. ചക്കയുടെ ഉപയോഗം തുടങ്ങിയ ശേഷം ഫലം കണ്ടുതുടങ്ങിയത് ഏപ്രിൽ മുതലാണ്. വിൽപ്പന ഏഴുലക്ഷം യൂണിറ്റായി കുറഞ്ഞു.

മേയിലും ജൂണിലും ആറുലക്ഷമായി. ജൂലായ് ആയപ്പോഴേക്കും ആറുലക്ഷത്തിനു മുകളിലേക്കു പോകാൻ തുടങ്ങി. ഓഗസ്റ്റിൽ എഴും സെപ്റ്റംബറിൽ ഏഴരയും ഒക്ടോബറിൽ വീണ്ടും എട്ടു ലക്ഷവുമായി. പഴമായല്ലാതെ ചക്കയുടെ ഉപയോഗം കൂടിയപ്പോൾ പ്രമേഹം കുറഞ്ഞു. മരുന്നുവിൽപ്പന 25 ശതമാനം താഴുകയും സീസൺ കഴിഞ്ഞപ്പോൾ കൂടുകയും ചെയ്‌തു. ചോറിനെക്കാൾ കാർബോഹൈഡ്രേറ്റും കലോറിയും കുറവും ഫെെബർ കൂടുതലുമുള്ള ചക്കയെ കായ് വർഗമായി കാണാതെ പഴമായി മാത്രം കണ്ടതാണ് കുഴപ്പം.

പാറശ്ശാലയിൽ 36 രോഗികളിൽ നടത്തിയ പഠനം ചക്ക ഉപയോഗത്തിലൂടെ മരുന്ന് കുറയ്ക്കാമെന്നു കണ്ടെത്തിയിരുന്നു. 18 പേർക്ക് ഉച്ചയ്ക്ക് ചോറും 18 പേർക്ക് ചക്കപ്പുഴുക്കുമാണ് നിശ്ചിത അളവിൽ നൽകിയത്. ചക്ക കഴിച്ചവർക്ക് നാലുമാസംകൊണ്ട് മരുന്ന് കുറയ്ക്കാനായെന്നു ഡോ. എസ്.കെ. അജയകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പഠനത്തിൽ കണ്ടെത്തുകയായിരുന്നെന്ന് ജയിംസ് പറഞ്ഞു. സീസൺകാലത്തുള്ള ചക്ക അതുകഴിഞ്ഞും ഉപയോഗിക്കാനുള്ള ശാസ്ത്രീയ ഇടപെടലാണ് ഇനി വേണ്ടതെന്നും ഇതിന് സ്റ്റാർട്ടപ്പ് സംരംഭങ്ങളെ ഉപയോഗിക്കണമെന്നും ജെയിംസ് വ്യക്തമാക്കി.

കാഴ്‌ചക്കാരെ മയക്കും ഞണ്ടിറുക്കി വെള്ളച്ചാട്ടം