തിരുവനന്തപുരം, പോത്തൻകോടിനടുത്ത് വാവരമ്പലം എന്ന സ്ഥലം. രാവിലെ തന്നെ തൊഴിലുറപ്പിന്റെ ഭാഗമായി കുടുംബശ്രീ പ്രവർത്തകർ ജോലികൾ ആരംഭിച്ചു. പെട്ടെന്നാണ് ആ കാഴ്ച. അവിടെയുള്ള ഒരു മാളത്തിനകത്തേക്ക് ഒരു പാമ്പ് ഇഴഞ്ഞ് പോകുന്നു. പിന്നെ ഒട്ടും താമസിച്ചില്ല. വാവയെ വിളിച്ചു. സ്ഥലത്ത് എത്തിയ വാവ പാമ്പിനെ കണ്ട സ്ഥലം ചോദിച്ചറിഞ്ഞു. കുറച്ച് മുകളിലായി, ഒരു മരത്തിന്റെ വേരിന് താഴെയാണ് മാളം. ഏണിവച്ച് മുകളിൽ കയറി മാളത്തിൽ നോക്കിയ വാവയ്ക്ക് സന്തോഷം. പാമ്പിനെ കാണാം. ഉഗ്രൻ ഒരു മൂർഖൻപാമ്പ്.
സാധാരണ മാളത്തിൽ പാമ്പിനെ കണ്ടാൽ, മണ്ണെല്ലാം വെട്ടി മാറ്റിയാലെ പാമ്പിനെ പിടികൂടാൻ സാധിക്കൂ. പാമ്പിനെ കണ്ട മാളം അടച്ചതിനു ശേഷം തൊട്ട് താഴെയുള്ള മാളം പൊളിക്കാൻ തുടങ്ങി, പെട്ടെന്നാണ് അത് സംഭവിച്ചത്. മൂർഖൽ പത്തി വിടർത്തി, വാവയെ ലക്ഷ്യമാക്കി ഒരു ചീറ്റൽ, എന്നിട്ടും ദേഷ്യം തീരാതെ വാവയ്ക്ക് നേരെ കുതിച്ച് ചാടി. തലനാരിഴക്കാണ് കടിയിൽ നിന്ന് വാവ രക്ഷപ്പെട്ടത്. കാണുക സാഹസിക രംഗങ്ങൾ നിറഞ്ഞ സ്‌നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.