madhusudhanan-nair

തിരുവനന്തപുരം: ശബരിമല യുവതിപ്രവേശനവുമായി ബന്ധപ്പെട്ട പ്രതിസന്ധിയുടെ പ്രാഥമിക ഉത്തരവാദിത്തം സർക്ക‍ാരിനാണെന്ന് കവി വി മധുസൂദനൻ നായർ. സർക്കാരിന്റെ ചുവടുവയ്പ്പനുസരിച്ചാണ് ഇത്തരം വിഷയങ്ങളിൽ പൊതുജനം പ്രതികരിക്കുന്നത്. പ്രശ്‌നത്തിൽ സർക്കാർ തുടക്കം മുതൽ സംയമനം പാലിക്കേണ്ടിയിരുന്നുവെന്നും മധുസൂദനൻ നായർ പ്രമുഖ മാദ്ധ്യമത്തോട് പറഞ്ഞു.

ശബരിലയിലെ യുവതീപ്രവേശത്തോട് യോജിപ്പില്ലെന്നും,​ അയ്യപ്പനിൽ ശരിക്കും വിശ്വസിക്കുന്നവർ പ്രതിഷ്ഠയുടെ സ്വഭാവം മാനിക്കണമെന്നും അദ്ദേഹം പറഞ്ഞു. വിവേചനത്തിന്റെ പ്രശ്നമായി മാത്രം ഇതിനെ കാണേണ്ടതില്ലെന്നും മധുസൂദനൻ നായർ പറഞ്ഞു.

അതേസമയം, ശബരിമല യുവതീ പ്രവേശന കേസിൽ നിരീക്ഷണ സമിതിക്കെതിരായ ഹർജിയിൽ സംസ്ഥാന സർക്കാർ സുപ്രിംകോടതിയിൽ കൂടുതൽ രേഖകൾ ഫയൽ ചെയ്‌തു. 10 രേഖകൾ അടങ്ങുന്ന 100ൽ അധികം പേജുകളാണ് സുപ്രിംകോടതിയിൽ സ്റ്റാന്റിംഗ് കൗൺസിൽ ജി പ്രകാശ് ഫയൽ ചെയ്‌തത്. ബിന്ദു, കനക ദുർഗ എന്നിവർ യഥാർത്ഥ ഭക്തരല്ല എന്നതിന് സർക്കാരിന്റെ പക്കൽ വിവരം ഇല്ലെന്ന ഹൈക്കോടതിയിലെ സത്യവാങ് മൂലവും സുപ്രിംകോടതിയിൽ ഫയൽ ചെയ്‌തിട്ടുണ്ട്.