ജമ്മു കാശ്‌മീരിലെ പുൽവാമയിൽ നടന്ന പാക് ഭീകരാക്രമണത്തിനെതിരെ ശക്തമായി പ്രതികരിച്ച് നിരവധി പേർ രംഗത്തെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് യു.എസ്, സൗദി, ഇറാൻ തുടങ്ങിയ രാജ്യങ്ങൾ ഇന്ത്യയ്‌ക്ക് പിന്തുണയറിയിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ നിരവധി പ്രതികരണങ്ങളാണ് ഭീകരാക്രമണവുമായി ബന്ധപ്പെട്ടുള്ളത്. വിഷയത്തിൽ വ്യത്യസ്തമായ പ്രതികരണവുമായി എത്തിയിരിക്കുകയാണ് എഴുത്തുകാരൻ ഷാബു പ്രസാദ്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
പാക്കിസ്ഥാന്റെ ആണവശേഷി എന്ന സോപ്പുകുമിള..
ആണവശക്തികൾ, പ്രത്യേകിച്ച് ശത്രുരാജ്യങ്ങൾ കര അതിർത്തി പങ്കിടുന്ന ഒരേയൊരു ഭൂപ്രദേശമാണ് ഭാരതത്തിന്റേത്. 1960കളിൽ തന്നെ ചൈനയും ഭാരതവും ആണവശേഷി കൈവരിച്ചിരുന്നു.. 1990കളിലാണ് പാക്കിസ്ഥാൻ ഈ ശേഷി നേടുന്നത് എന്നാണ് അവകാശപ്പെടുന്നത്..
എന്താണീ ആണവശേഷി എന്നത് മനസ്സിലാക്കേണ്ടതുണ്ട്. രണ്ടു തരത്തിലുള്ള ന്യൂക്ലിയർ റിയാക്ഷനുകൾ ആണ് ഉള്ളത്. ന്യൂക്ലിയർ ഫിഷനും ന്യൂക്ലിയർ ഫ്യൂഷനും.. ഭാരമേറിയ ഒരു ന്യൂക്ലിയസ്സിനെ ഒരു ന്യൂട്രോൺ കൊണ്ട് പ്രഹരിക്കുമ്പോൾ അത് ഭാരം കുറഞ്ഞ രണ്ട് ന്യൂക്ലിയസ്സുകളായി പിളരുകയും ഒരുഭാഗം താപമായി പുറത്തു വരികയും ചെയ്യും.. ഇത് തുടർച്ചയായി ഒരു chain reaction ആകുമ്പോൾ വലിയൊരു സ്ഫോടനം ഉണ്ടാകുന്നു.
ഇതിന്റെ നേരെ വിപരീതമാണ് ഫ്യൂഷൻ. രണ്ടു ന്യൂക്ലിയസ്സുകളെ വൻ താപം കൊണ്ട് ഉരുക്കിച്ചേർക്കുമ്പോൾ ഭാരം കുറഞ്ഞ വേറൊരു ന്യൂക്ലീസ് ഉണ്ടാകുന്നു, ബാക്കിവരുന്ന പിണ്ഡം ഊർജ്ജമായി പൊട്ടിത്തെറിക്കുന്നു.
ഇതിൽ ഫിഷൻ നിയന്ത്രണവിധേയമാണ്.. പിളർക്കാനുപയോഗിക്കുന്ന ന്യൂക്ലിയസ്സുകളെ നിയന്ത്രിച്ചാൽ മതി. അങ്ങനെയാണ് ആണവ നിലയങ്ങൾ പ്രവർത്തിക്കുന്നത്. എന്നാൽ ഫ്യൂഷൻ നിയന്ത്രിക്കാൻ കഴിയില്ല. അതുകൊണ്ടുതന്നെ അവ ബോംബുകൾ ഉണ്ടാക്കാൻ മാത്രമേ ഉപയോഗിക്കുന്നുള്ളൂ..
ലോകത്തുള്ള ആണവായുധങ്ങളിൽ എൺപത് ശതമാനവും ഫിഷൻ ബോംബുകളാണ്. ഫ്യൂഷൻ അടിസ്ഥാനമായ ഹൈഡ്രജൻ ബോംബുകൾ അമേരിക്ക, റഷ്യ, ചൈന, ഭാരതം എന്നിവർക്ക് മാത്രമേ ഉള്ളു. ഇതിൽ തന്നെ ചൈനയുടെ ഫ്യൂഷൻ ശേഷിയെ പറ്റി സംശയവുമാണ്.
ഫിഷൻ ബോംബുകളിൽ രണ്ട് ഇന്ധനമാണ് ഉപയോഗിക്കുക.യുറേനിയം, പ്ലൂട്ടോണിയം എന്നിവയാണ് അത്. ഇതിൽ യുറേനിയം മാത്രമാണ് പ്രകൃതിയിൽ നിന്നും ലഭിക്കുന്നത്. ലഭിക്കുന്ന യൂറേനിയം രണ്ട് തരമുണ്ട്, Uranium 238,Uranium 235 എന്നിവയാണിത്. ന്യൂക്ലിയസ്സിന്റെ ഘടനയിലുള്ള വ്യത്യാസമാണ് ഇതിനു കാരണം. പ്രകൃതിയിൽ നിന്നു ലഭിക്കുന്നതിൽ 99.07 ശതമാനവും U238 ആണ് 0.93 ശതമാനം മാത്രമാണ് U235.ഇതിൽ U235 മാത്രമേ ആണവ ബോംബുകളിൽ ഉപയോഗിക്കാൻ കഴിയൂ. എന്നാൽ ആണവനിലയങ്ങളിൽ U238 ഉപയോഗിക്കാം..
അതായത് യുറേനിയം ബോംബുകൾ ഉണ്ടാക്കാൻ U235 വൻ തോതിൽ ആവശ്യമാണ്. U238ൽ നിന്നും U235 വേർതിരിച്ചെടുക്കാൻ Uranium enrichement എന്ന പ്രക്രിയയിലൂടെ കടന്നുപോകണം.. അതീവ സങ്കീർണമായ സാങ്കേതിക വിദ്യയാണിത്..
മറ്റൊരു ഇന്ധനമാണ് പ്ലൂട്ടോണിയം.ഇത് പ്രകൃതിയിൽ നിന്നും നേരിട്ട് ലഭിക്കുന്നതല്ല. യുറേനിയം ഫിഷന്റെ ബൈപ്രോഡക്ട് ആയി ലഭിക്കുന്നതാണിത്. ആണവനിലയങ്ങളിൽ ന്യൂട്രോൺ വേഗത നിയന്ത്രിക്കുന്ന ഗ്രാഫൈറ്റ് ദണ്ഡുകളിൽ ഇവ പറ്റിപ്പിടിച്ചിരിക്കും, അതിൽ നിന്നും ചുരണ്ടിയെടുത്താണ് പ്ലൂട്ടോണിയം ശേഖരിക്കുന്നത്..
പ്രകൃതിയിൽ ധാരാളമുള്ള U238ൽ നിന്നും നേരിട്ട് കിട്ടുന്നു, enrichement എന്ന പൊല്ലാപ്പൊന്നും വേണ്ട എന്നതുകൊണ്ടാണ് ഫിഷൻ ബോംബുകളിൽ സിംഹഭാഗവും പ്ലൂട്ടോണിയം അടിസ്ഥാനമാക്കിയാകുന്നത്. പക്ഷേ ഇതിനു ആണവനിലയങ്ങളുടെ വലിയ ഒരു ശ്രംഖല, ശേഖരിക്കാനാവശ്യമായ സാങ്കേതികജ്ഞാനം, നല്ലൊരു industrial network ഒക്കെ വേണം..
ഇനി നമുക്ക് പാക്കിസ്ഥാന്റെ അവകാശവാദത്തിലേക്ക് വരാം.ഒന്നാമത് അവരുടെ ആണവ സാങ്കേതികത സ്വന്തമായി വികസിപ്പിച്ചതല്ല, പാശ്ചാത്യരാജ്യങ്ങളിലെ ആണവനിലയങ്ങളിൽ കുറച്ചുകാലം ജോലി ചെയ്ത പരിചയവും, അവിടുന്ന് കള്ളക്കടത്തി കൊണ്ടുവന്ന ആണവ ഭാഗങ്ങളും ചേർത്ത് അബ്ദുൽ ഖാദിർ ഖാൻ എന്ന ഫ്രോഡ് ശാസ്ത്രജ്ഞൻ ഉണ്ടാക്കിയെടുത്തതാണ് ഇത്.. അത്യാവശ്യം ചൈനയുടെ സഹായവും. അവർ അവകാശപ്പെട്ടിരുന്നത് അവരുടേത് യുറേനിയം അടിസ്ഥാനമാക്കിയ ബോംബുകൾ ആണ് എന്നാണ്.. അവർക്ക് Uranium enrichement നുള്ള സാങ്കേതികജ്ഞാനമോ പരിചയമോ ഇല്ല.. അതുമല്ല, ഇത്രയധികം യുറേനിയം ലഭിക്കാനുള്ള ഒരു മാർഗ്ഗവും അവർക്കില്ല.
പാക്കിസ്ഥാന് ആകയുള്ളത് ഒരു ആണവനിലയം ആണ്. അവകാശപ്പെടുന്ന പോലെ ബോംബുകൾ ഉണ്ടാക്കാൻ ആവശ്യമായ പ്ലൂട്ടോണിയം അതിൽ നിന്ന് ലഭിക്കുകയുമില്ല..അതിൽനിന്നും നാലോ അഞ്ചോ ബോംബുണ്ടാക്കാൻ ആവശ്യമായ പ്ലൂട്ടോണിയം ലഭിക്കണമെങ്കിൽ വർഷങ്ങൾ വേണം..
പിന്നെയുള്ള ഒരേയൊരു option ചൈനയുടെ സഹായമാണ്. പാക്കിസ്ഥാനെ ഒരു സാമന്ത രാജ്യം പോലെ, കാര്യം കാണാൻ മാത്രം ഉപയോഗിക്കുന്നതിനപ്പുറം വിശ്വസിക്കാൻ ചൈന തയ്യാറാകില്ല.. അതുകൊണ്ട് തന്നെ ഒരു പരിധിക്കപ്പുറം ആണവസാമഗ്രികളോ സാങ്കേതികവിദ്യയോ അവർ കൊടുക്കുകയുമില്ല..
1998 മേയിൽ ആണല്ലോ പൊഖ്‌റാനിൽ ഭാരതം തുടർച്ചയായി അഞ്ച് ആണവപരീക്ഷണങ്ങൾ നടത്തിയത്. തുടർന്ന് രണ്ടാഴ്ചക്കകം ഛഗായ് കുന്നുകളിൽ പാക്കിസ്ഥാനും ആണവപരീക്ഷണം നടത്തിയതായി പ്രഖ്യാപിച്ചു.. ഈ അവകാശവാദം സംശയാസ്പദമാണ്..
കാരണം, ഒരു ഭൂഗർഭ ആണവപരീക്ഷണം നടത്താൻ മാസങ്ങളുടെ തയ്യാറെടുപ്പ് ആവശ്യമാണ്. ആയിരം മീറ്ററോളം നീളുന്ന ഷാഫ്റ്റുകൾ കുഴിക്കണം, ആണവ ഇന്ധനം കൊണ്ടുവരണം, നൂറുകണക്കിന് ആൾക്കാരുടെ മനുഷ്യാധ്വാനം വേണം.. ഇതെല്ലാം അതീവ രഹസ്യമായി ചെയ്യുകയും വേണം. ഇതെല്ലാം കേവലം രണ്ടാഴ്ച കൊണ്ട് നടക്കുക എന്നത് അസാധ്യമാണ്. മാത്രവുമല്ല, അന്ന് ഭൂകമ്പമാപിനികളിൽ രേഖപ്പെടുത്തിയ സീസ്മിക് റീഡിങ്ങുകൾ ഒരു ആണവസ്ഫോടനത്തിന്റെ ഫലമായി ഉണ്ടാകേണ്ടതിന്റെ അത്രയും ഇല്ലായിരുന്നു..
ഇതിൽ നിന്നെല്ലാം കൂട്ടിവായിക്കാവുന്ന കാര്യം, പാക്കിസ്ഥാന്റെ ആണവശേഷി എന്നത് ഒരു സോപ്പുകുമിളയാണ് എന്നതാണ്. ഇന്ത്യയെ വളഞ്ഞു മറ്റൊരു ആണവശക്തി എന്ന ഭീഷണി നിലനിർത്താനും, പാകിസ്താനിലുള്ള ഇന്ത്യ വിരുദ്ധ വികാരം ആളിക്കത്തിച്ചു നിർത്താനും ചൈനയും പാക്കിസ്ഥാനും ചേർന്ന് നടത്തുന്ന ഒരു വൻ നാടകത്തിന്റെ ഭാഗമാണ് ഈ കഥ എന്ന് കരുതാനാണ് മേൽപ്പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ തോന്നുന്നത്.