masood
മൗലാന മസൂദ് അസർ

ശ്രീനഗർ: ജമ്മുകാശ്‌മീരിൽ 40 സി.ആർ.പി.എഫ് ഭടന്മാരെ കൂട്ടക്കൊല ചെയ്‌ത ചാവേർ ആക്രമണത്തിന് ഉത്തരവിട്ടത് ജയ്ഷെ മുഹമ്മദ് തലവനായ കൊടും ഭീകരൻ മസൂദ് അസർ ആണെന്ന് വ്യക്തമാക്കുന്ന ശബ്ദസന്ദേശം ഇന്ത്യയ്‌ക്ക് ലഭിച്ചു. റാവൽപിണ്ടിയിലെ പാക് സൈനിക ആശുപത്രിയിൽ ചികിത്സയിൽ

കഴിയുന്ന അസർ അവിടെ നിന്ന് ആക്രമണത്തിന് നിർദ്ദേശം നൽകുന്ന സന്ദേശമാണിത്.

ഏതോ മാരക രോഗത്തിന് നാല്‌ മാസമായി ചികിത്സയിൽ കഴിയുന്ന അസർ ആശുപത്രിയിൽ നിന്നാണ് ഭീകരാക്രമണങ്ങൾ നിയന്ത്രിക്കുന്നതെന്നാണ് രഹസ്യാന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ. പുൽവാമ ഭീകരാക്രമണത്തിന് എട്ടു ദിവസം മുൻപാണ് ജയ്‌ഷെ ഭീകര സംഘാംഗങ്ങൾക്കായി ഇയാൾ ഈ ശബ്ദസന്ദേശം അയച്ചത്.

വളരെ ക്ഷീണിച്ച സ്വരത്തിലുള്ള സന്ദേശത്തിൽ തന്റെ അനന്തരവൻ ഉസ്‌മാന്റെ വധത്തിന് പകരം വീട്ടാൻ അസർ ആഹ്വാനം ചെയ്യുന്നുണ്ട്. കൊടും തണുപ്പിനോട് മല്ലിട്ടാണ് താൻ ഇന്ത്യയ്‌ക്കെതിരെ യുദ്ധം ചെയ്യാൻ അണികളെ പ്രേരിപ്പിക്കുന്നതെന്ന്

സന്ദേശത്തിൽ ആവർത്തിക്കുന്നുണ്ട്. ഭീകരർ അതിർത്തി കടന്ന്

സർവവും തകർക്കാനുള്ള ആഹ്വാനവുമുണ്ട്.

ചികിത്സയിലായതിനാൽ ഐക്യ ജിഹാദ് കൗൺസിലിന്റെ (യുണൈറ്റഡ് ജിഹാദ് കൗൺസിൽ – യു.ജെ.സി) ആറു സുപ്രധാന യോഗങ്ങളിൽ അസറിനു പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല. ഇന്ത്യയ്‌ക്കെതിരെ വിധ്വംസക പ്രവർത്തനങ്ങൾക്ക് പാകിസ്ഥാൻ നിയോഗിക്കുന്ന ജിഹാദി ഗ്രൂപ്പുകളുടെ കൂട്ടായ്‌മയാണ് ഐക്യ ജിഹാദ് കൗൺസിൽ.

മസൂദിന്റെ അസാന്നിദ്ധ്യത്തിൽ കൗൺസിൽ ചേരുന്നത് ഹിസ്ബുൾ മുജാഹിദ്ദീൻ കമാൻഡർ സയദ് സലാഹുദ്ദീന്റെ നേതൃത്വത്തിലായിരുന്നു. ജനുവരി 19ന് ചേർന്ന അവസാന യോഗത്തിൽ നുഴ‍ഞ്ഞുകയറ്റത്തിനായി അതിർത്തിയിലെ ഭീകരക്യാമ്പുകൾ തയ്യാറാക്കുന്നതാണ് ചർച്ച ചെയ്‌തത്. അതിനുമുൻപ് പാക് അധിനിവേശ കാശ്‌മീരിലെ മുസാഫറാബാദിലെ ടൗൺഹാളിൽ നടന്ന ഒരു യോഗത്തിൽ ഐ.ഇ.ഡി ഉപയോഗിച്ചുള്ള ആക്രമണത്തെ പറ്റിയായിരുന്നു ചർച്ചയെന്നും ഇന്റലിജൻസ് കണ്ടെത്തി.

എന്നാൽ പുൽവാമ ആക്രമണത്തിന്റെ വിവരങ്ങൾ കൗൺസിലിലെ മറ്റു ഭീകര സംഘടനകളിൽ നിന്ന് മസൂദ് മറച്ചുവച്ചു. പകരം തന്റെ മറ്റൊരു അനന്തരവനായ മുഹമ്മദ് ഉമൈർ, സ്ഫോടക വസ്‌തു നിർമ്മാണ വിദഗ്ദ്ധനായ അബ്ദുൽ റാഷിദ് ഖാസി എന്നിവർ വഴി ശബ്ദസന്ദേശത്തിന്റെ ടേപ്പുകൾ കാശ്‌മീർ താഴ്‌വരയിലെ ഭീകരാനുകൂല കേന്ദ്രങ്ങൾക്കു നൽകി. അവർ അതുപയോഗിച്ച് തദ്ദേശീയരായ യുവാക്കളെ 'ബ്രെയിൻ വാഷ്‌' ചെയ്യുകയും സ്‌ഫോടക വസ്‌തുക്കൾ (ഐ.ഇ.ഡി ) ഉപയോഗിച്ച് ചാവേർ ആക്രമണം നടത്താൻ പ്രേരിപ്പിക്കുകയും ചെയ്‌തു. ആ യുവാക്കളിൽ ഒരാളായ ആദിൽ അഹമ്മദ് ദർ ആണ് സി.ആർ.പി.എഫ് വ്യൂഹത്തിലേക്ക് ആർ.ഡി.എക്സ് നിറച്ച വാഹനം ഇടിച്ചു കയറ്റി ചാവേറായത്.

പക വളർന്ന് മസൂദ്

2017 നവംബറിൽ പുൽവാമയിൽ മസൂദിന്റെ അനന്തരവൻ റഷീദ് മസൂദിനെ സി.ആർ.പി.എഫ് വധിച്ചിരുന്നു. അന്ന് പകരം വീട്ടുമെന്ന് മസൂദ് പ്രഖ്യാപിച്ചെങ്കിലും അതുണ്ടായില്ല. 2018 ഒക്ടോബർ 31ന് രണ്ടാമത്തെ അനന്തരവൻ ഉ‌സ്‌മാൻ തൽഹ റഷീദിനെയും സി.ആർ.പി.എഫ് വധിച്ചു. അതുകൂടിയായപ്പോൾ പക

വർദ്ധിച്ചാണ് മസൂദ് പകരം വീട്ടാൻ ഇപ്പോൾ സന്ദേശം അയച്ചത്.

മസൂദിന്റെ സന്ദേശം:

''ഈ യുദ്ധത്തിൽ മരിക്കുന്നതിനെക്കാൾ സന്തോഷം മറ്റൊന്നുമില്ല. കൊടും തണുപ്പിനെ അവഗണിച്ചാണ് ഞാൻ ഇന്ത്യയ്‌ക്കെതിരെ യുദ്ധം ചെയ്യാൻ അണികളെ സജ്ജരാക്കുന്നത്. ചിലർ ഇവരെ (ഭീകരരെ)​ കിരാതന്മാർ എന്ന് വിളിക്കും. ചിലർ ഇവരെ ഭ്രാന്തന്മാർ എന്ന് വിളിക്കും. ചിലർ പറയും ഇവർ സമാധാനത്തിന് ഭീഷണിയാണെന്ന്. അതെന്തുമാകട്ടെ. ഇപ്പോൾ ഇവർ അതിർത്തി കടന്നുപോയി എല്ലാം തകർക്കട്ടെ...''

പാകിസ്ഥാന്റെ കള്ളം പൊളിഞ്ഞു

മസൂദിന്റെ സന്ദേശം കിട്ടിയതോടെ, പുൽവാമ ആക്രമണത്തിൽ പങ്കില്ലെന്ന പാകിസ്ഥാന്റെ കള്ളം പൊളിഞ്ഞു. തങ്ങളുടെ പങ്കിന് തെളിവ് ഹാജരാക്കാൻ പാകിസ്ഥാൻ ഇന്ത്യയെ വെല്ലുവിളിക്കുകയും ചെയ്‌തിരുന്നു. അന്താരാഷ്‌ട്ര ഏജൻസികൾക്കും മസൂദിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാൻ തടസം നിൽക്കുന്ന ചൈനയ്‌ക്കും മസൂദിന്റെ ശബ്ദസന്ദേശം തെളിവായി ഇന്ത്യ കൈമാറും.