pic

ചെന്നൈ: പുൽവാമ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട പിതാവിന്റെ യൂണിഫോം ധരിച്ച് മൃതദേഹത്തിന് അന്ത്യചുംബനം നൽകുന്ന രണ്ടുവയസുകാരൻ ശിവമുനിയുടെ ചിത്രം നോവിന്റെ നേർക്കാഴ്ചയാവുകയാണ്. ആക്രമണത്തിൽ കൊല്ലപ്പെട്ട തമിഴ്നാട് സ്വദേശി സി.ശിവചന്ദ്രന്റെ മകനാണ് ശിവമുനി. പിതാവിന്റെ യൂണിഫോം ധരിച്ച് അമ്മയുടെ കൈയ്യിലിരിക്കുന്ന ശിവമുനിക്കറിയില്ല അവിടെ എന്താണ് സംഭവിക്കുന്നതെന്നും തന്റെ അച്ഛന് എന്താണ് സംഭവിച്ചതെന്നും. സൈന്യം ഔദ്യോഗിക ബഹുമതികൾ നൽകി അന്ത്യോപചാരമർപ്പിക്കുമ്പോൾ ശിവമുനി ഗർഭിണിയായ അമ്മയുടെ കൈകളിലിരിക്കുകയാണ്.

കഴിഞ്ഞ ശനിയാഴ്ചയാണ് ശിവചന്ദ്രൻ അവധി കഴിഞ്ഞ് തിരികെ കശ്മീരിലേക്ക് പോയത്. ഇതിന് പിന്നാലെയാണ് ശിവചന്ദ്രൻ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ചത്. അവധിക്ക് നാട്ടിലെത്തിയപ്പോൾ ശിവചന്ദ്രൻ ശബരിമല ദർശനം നടത്തിയിരുന്നു. ജവാന്റെ കുടുംബത്തിന് തമിഴ്നാട് സർക്കാർ 20ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് പുറമെ കുടുംബത്തിൽ നിന്ന് ഒരാൾക്ക് സർക്കാർ ജോലിയും വാഗ്ദാനം നൽകിയിട്ടുണ്ട്. ശിവചന്ദ്രന്റെ ഭാര്യ നഴ്സാണ്.

ബി.എഡ് പാസായ ശിവചന്ദ്രൻ ആദ്യം നാട്ടിലെ ഒരു സ്‌കൂളിൽ അധ്യാപകനായി ജോലി ചെയ്യുകയായിരുന്നു. 2010 ലാണ് അദ്ദേഹം സി.ആർ.പി.എഫിൽ ജോയിൻ ചെയ്തത്. അദ്ദേഹത്തിന് ജോലി കിട്ടിയതിനുശേഷമാണ് വീട് നിർമിച്ചതും കുടുംബത്തിന് സാമ്പത്തിക ഭദ്രത ഉണ്ടായതും.