ചെന്നൈ: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനോ ആരെയും പിന്തുണയ്ക്കാനോ ഇല്ലെന്ന് ചലച്ചിത്രതാരം രജനികാന്ത് പ്രഖ്യാപിച്ചു. തന്റെ ലക്ഷ്യം നിയമസഭാ തിരഞ്ഞെടുപ്പാണെന്നും താരം വ്യക്തമാക്കി. ഒരു പാർട്ടിയെയും പിന്തുണയ്ക്കുന്നില്ലെന്നും അതിനാൽ തന്റെ ചിത്രങ്ങൾ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്നും രജനികാന്ത് പ്രസ്താവനയിൽ പറഞ്ഞു.
ശക്തമായി സർക്കാരുണ്ടാക്കാൻ സാധിക്കുന്ന പാർട്ടിക്ക് വോട്ടു നൽകണമെന്നും നന്നായി ആലോചിച്ചശേഷം മാത്രം വോട്ട് രേഖപ്പെടുത്തണമെന്നും രജനികാന്ത് അഭിപ്രായപ്പെട്ടു. ദശാബ്ദങ്ങളായി അയൽ സംസ്ഥാനങ്ങളുമായി വെള്ളത്തിന്റെ കാര്യത്തിൽ പ്രശ്നം നിലനിൽക്കുകയാണ്. തമിഴ്നാടിന്റെ ജലദൗർലഭ്യത്തെ പൂർണമായി ഇല്ലാതാക്കാൻ സാധിക്കുന്ന പാർട്ടിയാവണം അധികാരത്തിലെത്തേണ്ടതെന്നും താരം പറഞ്ഞു.
കഴിഞ്ഞ വർഷം രാഷ്ട്രീയപ്രവേശം പ്രഖ്യാപിച്ചെങ്കിലും ഇതുവരെ രാഷ്ട്രീയ പാർട്ടി പ്രഖ്യാപനം നടന്നിട്ടില്ല.
ബി.ജെ.പിയുമായി രജനികാന്ത് അടുക്കുകയാണെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും താരം ഇതുസംബന്ധിച്ച് സൂചനകളൊന്നും നൽകിയിട്ടില്ല.