പാട്ന: പുൽവാമ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ധീരജവൻമാരെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാട്ന മെട്രോ റെയിൽ പ്രോജക്ടിന്റെ തറക്കല്ലിടൽ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'നിങ്ങളുടെ ഹൃദയത്തിലെ തീ എനിക്കറിയാം. അത് എന്റെ ഹൃദയത്തിലുമുണ്ട്' - ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ബിഹാറിൽ നിന്നുള്ള സി.ആർ.പി.എഫ് ജവാൻമാർക്ക് ആദരാജ്ഞലി അർപ്പിച്ച് മോദി പറഞ്ഞു. 'സഞ്ജയ് കുമാർ സിൻഹയ്ക്കും രത്തൻകുമാർ ഠാക്കൂറിനും എന്റെ സല്യൂട്ടും ആദരവും.' മോദി പറഞ്ഞു.
പുൽവാമ ആക്രമണത്തിന് ഇന്ത്യ കനത്ത തിരിച്ചടി നൽകുമെന്ന് മോദി നേരത്തെ വ്യക്തമാക്കിയിരുന്നു. . രാഷ്ട്രത്തിന്റെ രോഷം മനസിലാക്കുന്നു. ആക്രമണത്തിന്റെ ഉത്തരവാദികൾക്ക് ശക്തമായ തിരിച്ചടി നല്‍കും. ഭീകരർക്ക് എതിരെ നീങ്ങാൻ സേനകൾക്ക് പരിപൂർണ സ്വാതന്ത്ര്യം നൽകിയിട്ടുണ്ടെന്നും അവരുടെ ധൈര്യത്തിൽ പൂർണ വിശ്വാസമുണ്ടെന്നും നരേന്ദ്രമോദി അറിയിച്ചിരുന്നു.