ഹൈദരാബാദ്: സാരി ഒന്ന്, ഏതെടുത്താലും 10 രൂപ മാത്രം. കേട്ടപാതി കേൾക്കാത്ത പാതി നാട്ടുകാരെല്ലാം സംഭവ സ്ഥലത്തെത്തി. നീണ്ട വരികൾ കടയും കവിഞ്ഞ് പുറത്തെത്തി. ഇതോടെ ഹൈദരാബാദ് സിദ്ദിപ്പേട്ടിലെ സി.എം.ആർ ഷോപ്പിംഗ് മാളിൽ കാലുകുത്താൻ പറ്റാത്ത അവസ്ഥയാണിപ്പോൾ. 10 രൂപയുടെ സാരി വാങ്ങാനെത്തിയവരുടെ തിക്കിലും തിരക്കിലും നിരവധി പ്രശ്നങ്ങളാണ് ദിവസവും റിപ്പോർട്ട് ചെയ്യുന്നത്. പിടിച്ചുപറി, മാല മോഷണം, പരിക്കേൽക്കൽ തുടങ്ങി 10 രൂപ സാരിയുണ്ടാക്കുന്ന പുകിലുകൾ പൊലീസിന് തലവേദനയായിരിക്കുകയാണ്.
കഴിഞ്ഞ ദിവസം ഒരു യുവതിയുടെ അഞ്ചു പവന്റെ സ്വർണമാലയും 6000 രൂപയും എ.ടി.എം കാർഡുമാണ് സാരി വാങ്ങാൻ ക്യൂ നിൽക്കുന്നതിനിടെ കളവുപോയത്. ഇതോടെ തിരക്ക് നിയന്ത്രിക്കാൻ പൊലീസ് ഷോപ്പിംഗ് മാളിൽ എത്തിയിട്ടുണ്ട്.