ഫൺ ടു റൈഡ് ബൈക്ക് ശ്രേണിയിൽ പ്രമുഖ ബ്രിട്ടീഷ് മോട്ടോർസൈക്കിൾ ബ്രാൻഡായ ട്രയംഫിന്റെ പുത്തൻ മോഡലാണ് സ്ട്രീറ്ര് സ്ക്രാംബ്ളർ. രൂപഭംഗിയിലും കരുത്തിലും പെർഫോമൻസിലുമെല്ലാം 'ഫൺ ടു റൈഡ്" എന്ന ആശയം അരക്കിട്ടുറപ്പിച്ചാണ് ഈ ആഡംബര താരത്തിന്റെ വരവ്. വീക്കെൻഡ്/ദീർഘദൂര റൈഡുകളിൽ പുതിയ സ്ട്രീറ്ര് സ്ക്രാംബ്ളർ നമ്മെ ആവേശത്തിന്റെ തിരകളിലേറ്റുക തന്നെ ചെയ്യും.
ട്രയംഫ് സ്ട്രീറ്ര് ട്വിന്നിന്റെ 'സ്ക്രാംബ്ളർ" വകഭേദമാണ് പുതിയ സ്ട്രീറ്ര് സ്ക്രാംബ്ളർ. ഇക്കാലമത്രയും എൻജിൻ, സസ്പെൻഷൻ, ഷാസി തുടങ്ങിയവയെല്ലാം സ്ട്രീറ്ര് ട്വിന്നിലേത് തന്നെയാണ് സ്ക്രാംബ്ളറും ഉപയോഗിച്ചിരുന്നത്. വീൽ, എക്സ്ഹോസ്റ്ര് എന്നിവയിലാണ് വ്യത്യാസമുണ്ടായിരുന്നത്. പുതിയ സ്ട്രീറ്ര് സ്ക്രാംബ്ളറിലേക്ക് എത്തുമ്പോഴും സ്ട്രീറ്ര് ട്വിന്നിലെ 900 സി.സി., ലിക്വിഡ് കൂളായ, 8-വാൽവ്, എസ്.ഒ.എച്ച്.സി എൻജിൻ തന്നെ കാണാം. എന്നാൽ, ടോർക്ക് 3,200 ആർ.പി.എമ്മിൽ 80 ന്യൂട്ടൺ മീറ്റർ എന്ന രീതിയിൽ ക്രമീകരിച്ചിരിക്കുന്നു. സ്ട്രീറ്ര് ട്വിന്നിൽ ഇത് 3,800 ആർ.പി.എമ്മാണ്.
64 ബി.എച്ച്.പി കരുത്തുള്ളതാണ് എൻജിൻ. ഗിയറുകൾ അഞ്ചേയുള്ളൂ. അതുപക്ഷേ, ഒരിക്കലും നിരാശപ്പെടുത്തില്ല. മുൻ മോഡലിൽ നിന്ന് ഓഫ്-റോഡ് റൈഡിന് കൂടുതൽ അനുയോജ്യമാണ് പുതിയ സ്ക്രാംബ്ളർ. സമകാലിക രൂപകല്പന തത്വം പാലിച്ചും ക്ളാസിക് ഫീൽ നിലനിറുത്തിയുമാണ് വശങ്ങളും ഇൻസ്ട്രുമെന്റ് ക്ളസ്റ്ററും ഒരുക്കിയിരിക്കുന്നത്. ഇന്ധനടാങ്കിലെ പുതിയ 'ട്രയംഫ്" ലോഗോ ആകർഷകമാണ്. സിംഗിൾ-പോഡ് ഇൻസ്ട്രുമെന്റ് - ഡിജിറ്റൽ - പാനലിൽ പൊതുവേയുള്ള ഫീച്ചറുകൾക്ക് പുറമേ ക്ളോക്ക്, റൈഡിംഗ് മോഡ് എന്നിവയും കാണാം. ഹെഡ്ലൈറ്ര് ഉൾപ്പെടെയുള്ള മറ്ര് ഘടകങ്ങളിൽ കാതലായ മാറ്റങ്ങളില്ല.
റെയിൻ, റോഡ്, ഓഫ്-റോഡ് റൈഡിംഗ് മോഡുകളാണുള്ളത്. ഓഫ്-റോഡ് മോഡിലേക്ക് മാറുമ്പോൾ എ.ബി.എസ്., ട്രാക്ഷൻ കൺട്രോൾ എന്നിവ ഓഫ് ആകും. ഇത് റൈഡിംഗ് കൂടുതൽ ആസ്വാദ്യവും അഡ്വഞ്ചറുമാക്കും. റണ്ണിംഗ് വേളയിൽ ഈ മോഡിലേക്ക് മാറാനാവില്ല. എന്നാൽ, റെയിൻ, റോഡ് മോഡിലേക്ക് വണ്ടി ഓടുമ്പോൾ തന്നെ മാറാനാകും. വീതിയേറിയ ഹാൻഡിൽ ബാർ, മികവുറ്റ സസ്പെൻഷനുകൾ എന്നിവയും മികച്ച റൈഡിംഗിന് അനുയോജ്യമാണ്. 203 കിലോഗ്രാമാണ് ബൈക്കിന്റെ മൊത്തം ഭാരം. ഇന്ധനടാങ്കിൽ 12 ലിറ്റർ പെട്രോൾ നിറയും. 8.55 ലക്ഷം രൂപയാണ് ബൈക്കിന് എക്സ്ഷോറൂം വില.