ss

തിരുവനന്തപുരം: വിവിധ മോഷണ കേസുകളിൽ ജയിൽശിക്ഷ അനുഭവിച്ച ശേഷം പുറത്തിറങ്ങി വീണ്ടും മോഷണം നടത്തിവന്ന അന്തർസംസ്ഥാന മോഷ്ടാവിനെ സിറ്റി ഷാഡോ പൊലീസും മ്യൂസിയം പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തു. പട്ടം സ്വദേശിയായ ബാഹുലേയ (52)നാണ് സിറ്റി പൊലീസിന്റെ 'ഓപ്പറേഷൻ കോബ്ര'യിലൂടെ പിടിയിലായത്. നഗരത്തിലെ വിവിധ പൊലീസ് സ്‌റ്റേഷനുകളിലായി ഇരുനൂറോളം ഭവനഭേദന കേസുകളാണ് ബാഹുലേയന്റെ പേരിലുള്ളത്.
നേരത്തേ പിടിക്കപ്പെട്ട ഇയാൾ രണ്ട് വർഷത്തോളം ജയിലിൽ കഴിഞ്ഞ ശേഷം കഴിഞ്ഞ വർഷം നവംബറിലാണ് മോചിതനായത്. വീടുകളിലെ ജനൽ കമ്പികൾ മുറിച്ചും വളച്ചും അകത്ത് കയറി മോഷണം നടത്തുന്നതാണ് രീതി. മോഷണത്തിനുള്ള വീടുകൾ കണ്ടെത്തിയ ശേഷം വീടിന് പരിസരത്ത് പതുങ്ങി ഇരുന്ന് പുലർച്ചെ ഒരു മണിയോടെ മോഷണം നടത്തുന്നതാണ് ഇയാളുടെ രീതി. സ്വർണം, പണം, വിലകൂടിയ സ്‌പ്രേ, തുണിത്തരങ്ങൾ, ലാപ്‌ടോപ്പുകൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ എന്നിവയാണ് പ്രധാനമായും മോഷ്ടിക്കുന്നത്. പൊലീസിന്റെ പിടിയിലാകാതിരിക്കാൻ മോഷണമുതലുമായി നേരം വെളുക്കുന്നതുവരെ വീടിന് സമീപത്ത് പതുങ്ങിയിരിക്കും. പിന്നീട് ആർക്കും സംശയം തോന്നാതെ കടന്നുകളയും. മോഷണമുതൽ വിറ്റുകിട്ടുന്ന പണം കൊണ്ട് മദ്യപാനവും ആഡംബര ജീവിതവും നയിക്കും.
സിറ്റി പൊലീസ് കമ്മിഷണർ കെ. സുരേന്ദ്രന്റെ നിർദ്ദേശ പ്രകാരം കൺട്രോൾ റൂം എ.സി.പി ശിവസുതൻ പിള്ളയുടെ മേൽനോട്ടത്തിൽ മ്യൂസിയം സി.ഐ പ്രശാന്ത്, ഷാഡോ എസ്.ഐ സുനിൽ ലാൽ, എ.എസ്.ഐ ലഞ്ചു ലാൽ, ഷാഡോ ടീം അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.