indian-navy

കൊച്ചി: പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ നാവിക സേന നടത്തിവരുന്ന ആഭ്യാസ പ്രകടനം നിർത്തിവച്ചു. രണ്ട് സംഘങ്ങളായി കൊച്ചിയുടെ സമീപത്തും ചെന്നെെയ്ക്കും വിശാഖപട്ടണത്തും ഇടയിൽ നിലയുറപ്പിച്ച് നാൽപതോളം യുദ്ധക്കപ്പലുമായി നടത്തിയ ആഭ്യാസ പ്രകടനമാണ് നിർത്തിവച്ചത്.

മാത്രമല്ല യുദ്ധക്കപ്പലുകളോട് മുംബയ്, കാർവാർ, വിശാഖപട്ടണം തുറമുഖത്തെത്തി വെടിക്കോപ്പുകൾ നിറച്ചുവയ്ക്കാൻ നിർദേശം നൽകി. നാവിക സേന നടത്തി വരുന്ന ട്രോപക്സ് എന്ന ആഭ്യസം പ്രകടനം നിർത്തിവച്ച് ആയുധങ്ങൾ നിറയ്ച്ചു വയ്ക്കാനാണ് നിർദേശം. അതിർത്തിയിൽ യുദ്ധസമാനമായ സാഹചര്യത്തിലാണ് ഇങ്ങിനെയൊരു നിർദേശം നൽകിയത് എന്നരും ശ്രദ്ധേയമാണ്. മുംബയിൽ നിന്നും ഇന്ന് രാത്രിയോടെ നാല് യുദ്ധക്കപ്പലുകളോട് വെടിക്കോപ്പുകൾ നിറച്ചുവയ്ക്കാനും നിർദേശമുണ്ട്.

ജനുവരി അവസാനം തുടങ്ങിയ അഭ്യാസ പ്രകടനങ്ങൾ മാർച്ച് 14 നാണ് അവസാനിപ്പിക്കേണ്ടിയിരുന്നത്. എന്നാൽ പെട്ടെന്ന് തന്നെ തീരത്തെത്താനാണ് നിർദേശം കിട്ടിയത്. സാധാരണ ഗതിയിൽ യുദ്ധക്കപ്പലുകളിൽ വെടിക്കോപ്പുകൾ നിറയാക്കാറില്ല. എന്നാൽ ഈ സാഹചര്യത്തിൽ തുറമുഖങ്ങളിൽനിന്നു ആയുധങ്ങൾ ശേഖരിക്കാനാണു നിർദേശം. പുൽവാമ ആക്രമണത്തിന്റെ സാഹചര്യത്തിൽ അവധിയിൽ പ്രവേശിച്ച എല്ലാ നാവികസേന ഉദ്യോഗസ്ഥരെയും ജോലിയിൽ പ്രവേശിക്കാൻ നി‌ർദേശിച്ചിട്ടുണ്ട്.