ss

തിരുവനന്തപുരം: ഫേസ്ബുക്ക് മെസഞ്ചറിലൂടെ ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ സിറ്റി ഷാഡോ പൊലീസും മ്യൂസിയം പൊലീസും ചേർന്ന് പിടികൂടി. വയനാട് മാനന്തവാടി, ഇടത്തട്ടേൽ വീട്ടിൽ ഷിറിൽ രാജാണ് (29) യുവതിയുടെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ അറസ്റ്റിലായത്. പരാതിക്കാരിയുടെ ഫേസ്ബുക്ക് മെസഞ്ചറിൽ അവരുടെ ഭർത്താവിനെതിരെയുള്ള തെളിവ് നൽകാമെന്നു പറഞ്ഞ് ആദ്യം മെസേജ് അയച്ചു. ഹോട്ടൽ മുറിയിൽ ഒറ്റയ്ക്ക് വന്നാൽ തെളിവുകൾ കാണിച്ചുതരാമെന്നും ഷിറിൽരാജ് യുവതിയെ ധരിപ്പിച്ചു. വഴങ്ങാതിരുന്നപ്പോൾ യുവതിക്ക് നിരന്തരം ഭീഷണി സന്ദേശങ്ങൾ അയച്ചു. പാളയത്ത് വന്നാൽ നേരിട്ട് കാണണമെന്നും യുവാവ് ആവശ്യപ്പെട്ടു. ഇതോടെ യുവതിയും ഭർത്താവും സിറ്റി പൊലീസ് കമ്മിഷണർ കെ. സുരേന്ദ്രന് പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പാളയത്തു നിന്ന് പൊലീസ് ഷിറിലിനെ അറസ്റ്റുചെയ്തത്. പ്ലസ് ടു വിദ്യാർത്ഥിനിയെ പീഡിപ്പിച്ചതിന് വയനാട് തിരുനെല്ലി പൊലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ കേസുണ്ട്. കൺട്രോൾ റൂം എ.സി.പി ശിവസുതൽപിള്ള, മ്യൂസിയം സി.ഐ പ്രശാന്ത്, ഷാഡോ എസ്.ഐ സുനിൽ ലാൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.