ശ്രീനഗർ: കാശ്മീരിൽ നിന്നുള്ള ജനങ്ങൾക്കു നേരെ മനഃപൂർവം ആക്രമണങ്ങൾ അഴിച്ചുവിടുകയാണെന്നും ഇതിനു പിന്നിൽ ആരാണെന്ന് അന്വേഷിക്കണമെന്നും നാഷണൽ കോൺഫറൻസ് വൈസ് പ്രസിഡന്റ് ഒമർ അബ്ദുള്ള ആവശ്യപ്പെട്ടു. പുൽവാമ ഭീകരാക്രമണത്തിന്റെ തുടർച്ചയായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കാശ്മീരി വിദ്യാർത്ഥികളും തൊഴിലാളികളും ആക്രമണത്തിനിരയാകുന്നതിന്റെ പശ്ചാത്തലത്തിലാണ് ഒമർ അബ്ദുള്ളയുടെ പ്രതികരണം. കാശ്മീർ വെറുമൊരു തുണ്ട് ഭൂമി മാത്രമല്ല. അവിടെ ജീവിക്കുന്നതും ജനങ്ങളാണ്. കാശ്മീരിലെ പ്രശ്നങ്ങളിൽ നിന്നും രാഷ്ട്രീയത്തിൽ നിന്നും അകന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അവരുടെ ഭാവി കെട്ടിപ്പടുക്കാനെത്തിയ വിദ്യാർത്ഥികളാണ് ആക്രമണത്തിനിരയാകുന്നത്. അവരെ ആക്രമിക്കുന്നതിലൂടെയും ഭീഷണിപ്പെടുത്തുന്നതിലൂടെയും താമസസ്ഥലത്തു നിന്ന് ഇറക്കിവിടുന്നതിലൂടെയും അർത്ഥമാക്കുന്നത് കാശ്മീരിനു പുറത്ത് അവർക്ക് സ്ഥാനമില്ലെന്നും ഈ രാജ്യത്ത് അവർക്കൊരു ഭാവിയില്ല എന്നുമാണ്" - ഒമർ അബ്ദുള്ള ട്വിറ്ററിലൂടെ വ്യക്തമാക്കി. കാശ്മീരിലെ ജനങ്ങളെ ഇന്ത്യയിൽ നിന്ന് വിഭജിക്കാനാണ് ശത്രുക്കൾ ശ്രമിക്കുന്നത്. വിദ്യാർത്ഥികളെ ആക്രമിക്കുന്നതിലൂടെ ആരുടെ ലക്ഷ്യമാണ് നിറവേറ്രപ്പെടുന്നതെന്നും ഒമർ അബ്ദുള്ള ചോദിച്ചു. കാശ്മീരികളുടെ സുരക്ഷ ആവശ്യപ്പെട്ട് ഒമർ ശനിയാഴ്ച രാജ്നാഥ് സിംഗുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.