ഗുവാഹത്തി: പുൽവാമ ഭീകരാക്രമണത്തിൽ സുരക്ഷാ സേനയെ അധിക്ഷേപിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ട ഗുവാഹത്തിയിലെ ഐക്കൺ അക്കാഡമി ജൂനിയർ കോളേജിലെ ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ പാപ്രി ബാനർജിയ്ക്ക് സസ്പെൻഷൻ. ഇവർക്കെതിരെ പൊലീസ് കേസെടുത്തു. വ്യാഴാഴ്ച ഫേസ്ബുക്കിലിട്ട പോസ്റ്റിൽ പുൽവാമ ഭീകരാക്രമണത്തെ അപലപിച്ചതിനൊപ്പം കാശ്മീരിൽ സൈന്യം കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ് നടത്തുന്നതെന്നും ഇതാണ് ആക്രമങ്ങൾക്ക് കാരണമാകുന്നതെന്നും പാപ്രി ബാനർജി അഭിപ്രായപ്പെട്ടിരുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നതിനെ തുടർന്നാണ് പാപ്രിയെ അടിയന്തരമായി സസ്പെൻഡ് ചെയ്യാൻ കോളേജ് അധികൃതർ തീരുമാനിച്ചത്.
''45 ധീര യുവാക്കൾ കൊല്ലപ്പെട്ടിരിക്കുന്നു. ഇത് യുദ്ധമല്ല, അവർക്ക് തിരിച്ചടിക്കാൻ അവസരം കിട്ടിയില്ല. ഇത് അങ്ങേയറ്റം ഭീരുത്വവും ഓരോ ഇന്ത്യക്കാരന്റെയും ഹൃദയത്തെ നോവിക്കുന്നതുമാണ്. അതേസമയം, കാശ്‌മീർ താഴ്‌വരകളിൽ സുരക്ഷാസേനകൾ എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത്? നിങ്ങൾ സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നു. കുട്ടികളെ വികലാംഗരാക്കുകയും കൊല്ലുകയും ചെയ്യുന്നു." എന്നായിരുന്നു പാപ്രിയുടെ ഫേസ്ബുക്ക് പോസ്റ്ര‌്.
സംഭവം വിവാദമായതോടെ ഇവർ പോസ്റ്റ് പിൻവലിച്ചു. തന്റെ വാചകങ്ങൾ തെറ്റിദ്ധരിക്കപ്പെടുകയായിരുന്നെന്നും പാപ്രി വ്യക്തമാക്കി. സൈന്യത്തിന്റെ പ്രവൃത്തികളിൽ വിയോജിപ്പുണ്ടെങ്കിലും ഒരിക്കലും അനാദരവ് കാട്ടിയിട്ടില്ലെന്നും അവർ വിശദീകരിച്ചു.