ന്യൂഡൽഹി: ഇന്ത്യക്കാർ നടപ്പുവർഷം വിദേശത്തുനിന്ന് വാങ്ങിയ സ്വർണത്തിന്റെ അളവിൽ അഞ്ച് ശതമാനം കുറവ്. കേന്ദ്രസർക്കാരിന് വലിയ ആശ്വാസം നൽകുന്ന വാർത്തയാണിത്. നടപ്പു സാമ്പത്തിക വർഷം ഏപ്രിൽ മുതൽ ജനുവരി വരെ 2,693 കോടി ഡോളറിന്റെ സ്വർണം ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യപ്പെട്ടു. 2017-18ലെ സമാനകാലയളവിൽ ഇറക്കുമതിച്ചെലവ് 2,823 കോടി ഡോളറായിരുന്നു.
2018-19ന്റെ തുടക്ക മാസങ്ങളിൽ അന്താരാഷ്‌ട്ര സ്വർണവിലയിലുണ്ടായ കുറവാണ് ഇറക്കുമതി ചെലവ് കുത്തനെ താഴാനിടയാക്കിയത്. ഒക്‌ടോബറിലും നവംബറിലും ഡിസംബറിലും മുൻവർഷത്തെ അപേക്ഷിച്ച് സ്വർണം ഇറക്കുമതി കുറവായിരുന്നു. എന്നാൽ, വില കുതിച്ചുകയറിയ കഴിഞ്ഞമാസം ഇറക്കുമതി 38.16 ശതമാനം വർദ്ധിച്ച് 231 കോടി ഡോളറായി. സ്വർണം ഇറക്കുമതി കുറഞ്ഞു നിൽക്കുന്നതാണ് കേന്ദ്രസർക്കാരിന് ആശ്വാസം. കാരണം, ഡോളറിലാണ് സ്വർണത്തിന്റെ ഇറക്കുമതി. സ്വർണം കൂടുതൽ വാങ്ങുന്തോറും കൂടുതൽ ഡോളറും ചെലവഴിക്കേണ്ടി വരും.
വിദേശ നാണയത്തിലെ വരുമാനവും ചെലവും തമ്മിലെ അന്തരമായ കറന്റ് അക്കൗണ്ട് കമ്മി പരിധി വിട്ടുയരാൻ അതിടയാക്കും. നടപ്പു സാമ്പത്തിക വർഷത്തെ രണ്ടാംപാദത്തിൽ ജി.ഡി.പിയുടെ 2.9 ശതമാനമാണ് കറന്റ് അക്കൗണ്ട് കമ്മി. മുൻവർഷത്തെ സമാന പാദത്തിൽ ഇത് 1.1 ശതമാനം മാത്രമായിരുന്നു. സ്വർണം ഇറക്കുമതി നിരുത്സാഹപ്പെടുത്താൻ കേന്ദ്രസർക്കാർ ഒട്ടേറെ നടപടികളെടുത്തെങ്കിലും പൂർണമായും ഫലം കണ്ടിട്ടില്ല. നിലവിൽ പത്തു ശതമാനമാണ് സ്വർണത്തിന് ഇറക്കുമതി ചുങ്കം. ദക്ഷിണ കൊറിയയിൽ നിന്നുള്ള 'ഡ്യൂട്ടി-ഫ്രീ" സ്വർണം ഇറക്കുമതിയിലും നിയന്ത്രണം കൊണ്ടുവന്നിട്ടുണ്ട്.
955 ടൺ
കഴിഞ്ഞ സാമ്പത്തിക വർഷം ഇന്ത്യ ഇറക്കുമതി ചെയ്‌തത് 955.16 ടൺ സ്വർണം. 2016-17ൽ വാങ്ങിയ 780.14 ടണ്ണിനേക്കാൾ 22.43 ശതമാനമാണ് വർദ്ധന.
4%
ഇന്ത്യയിൽ നിന്നുള്ള സ്വർണാഭരണ കയറ്റുമതി നടപ്പുവർഷം ഏപ്രിൽ-ജനുവരി കാലയളവിൽ നാല് ശതമാനം കുറഞ്ഞു. 3,290 കോടി ഡോളറിന്റെ ജെം ആൻഡ് ജുവലറി കയറ്റുമതിയാണ് ഇക്കാലയളവിലുണ്ടായത്.
2.9%
സ്വർണം ഇറക്കുമതി കൂടുന്നത് വിദേശ നാണയത്തിലെ വരുമാനവും ചെലവും തമ്മിലുള്ള അന്തരമായ കറന്റ് അക്കൗണ്ട് കമ്മി കൂടാനിടയാക്കും. 2018 ജൂലായ്-സെപ്‌തംബറിൽ 2.9 ശതമാനമാണിത്. 2017ലെ സമാനപാദത്തിൽ കറന്റ് അക്കൗണ്ട് കമ്മി 1.1 ശതമാനമായിരുന്നു.