facebook

കാസർകോട്: പുൽവാമ ഭീകരാക്രമണത്തെ അനുകൂലിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട കേന്ദ്ര സർവ്വകലാശാലയിലെ ബിരുദ വിദ്യാർത്ഥിക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി കേസ് എടുത്ത ബേക്കൽ പൊലീസ് അന്വേഷണം ഊർജിതമാക്കി.കേന്ദ്ര സർവ്വകലാശാലയിലെ ഇന്റർനാഷണൽ റിലേഷൻസ് രണ്ടാം വർഷ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയും ആന്ധ്ര സ്വദേശിയുമായ അവ്‌ല രാമുവാണ് ധീരജവാന്മാരെ കൂട്ടക്കൊല ചെയ്ത ഭീകരന് രക്തസാക്ഷിയുടെ പരിവേഷം നൽകി വിവാദ പോസ്റ്റിട്ടത്.

ബി.ജെ.പി ഉദുമ മണ്ഡലം കമ്മിറ്റി ഭാരവാഹി ബാബുരാജ് കാസർകോട് ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ പരാതിയെ തുടർന്നാണ് പൊലീസ് നടപടി ശക്തമാക്കിയത്. പരാതി ലഭിച്ചെന്നും കേസെടുത്ത് അന്വേഷിക്കാൻ നിർദേശിച്ച് ബേക്കൽ പൊലീസിന് കൈമാറിയതായും ജില്ലാ പൊലീസ് മേധാവി ഡോ. എ. ശ്രീനിവാസ് 'കേരള കൗമുദി'യോട് പറഞ്ഞു.

ചാവേറായ ഭീകരനാണ് യഥാർത്ഥ രക്തസാക്ഷിയെന്ന രീതിയിലാണ് പോസ്റ്റിൽ വിശദീകരിക്കുന്നത്. ആരാണ് രക്തസാക്ഷി..?? ഇവനാണോ.. അതോ അവർ 42 പേർ ആണോ..? ജനങ്ങളുടെ കൂടെ നിൽക്കുക.. ഇപ്രകാരമാണ് ഫേസ് ബുക്ക് പോസ്റ്റ്. കടുത്ത നക്സൽ അനുകൂലിയായ അവ്‌ല രാമു ഇന്ത്യയിൽ നിന്ന് കാശ്‌മീരിന് സ്വാതന്ത്ര്യം നല്കണം എന്ന രീതിയിലും ഫേസ്ബുക്ക് പോസ്റ്റുകൾ പ്രചരിപ്പിച്ചിരുന്നു. 'ദിസ് നേഷൻ ഷുഡ് ഡൈ ... ' ഈ രാജ്യം ഇല്ലാതാകണം.. എന്നും ഇയാൾ ഫേസ്ബുക്ക് പോസ്റ്റുകൾ ഇട്ടിട്ടുണ്ട്. രാജ്യത്തെ വെല്ലുവിളിക്കുന്ന വിദ്യാർത്ഥിയുടെ പോസ്റ്റുകൾ ദേശീയ ഇന്റലിൻസ് ഏജൻസികൾ ഗൗരവത്തിലെടുത്തിട്ടുണ്ട്. അന്വേഷണത്തിനായി ദേശീയ ഏജൻസിയുടെ ഉദ്യോഗസ്ഥർ കേന്ദ്ര സർവ്വകലാശാലയിൽ എത്തുമെന്നാണ് അറിയുന്നത്.