കൊച്ചി: പുൽവാമയിലുണ്ടായ ഭീകരാക്രമണം ഇന്ത്യൻ ഓഹരി വിപണിക്കും ആശങ്കയാകുന്നു. കഴിഞ്ഞവാരം ഏതാണ്ട് എല്ലാദിനങ്ങളോടും നഷ്‌ടത്തോടെയാണ് സെൻസെക്‌സും നിഫ്‌റ്റിയും വിടചൊല്ലിയത്. ഈവാരം നേട്ടത്തിലേക്ക് തിരിച്ചുകയറാമെന്ന് പ്രതീക്ഷിച്ചിരിക്കേയാണ്, പുൽവാമ ഭീകരാക്രമണം. ഇന്ത്യയും പാകിസ്‌താനും തമ്മിലെ ബന്ധം കൂടുതൽ വഷളായതും വ്യാപാര ഇടപാടുകൾ നിയന്ത്രിക്കപ്പെടുന്നതും വാണിജ്യ-വ്യവസായ ലോകത്തെയും നിക്ഷേപകരെയും ആശങ്കയിലാഴ്‌ത്തും. ഇത്, ഓഹരി വിപണിയെ കൂടുതൽ നഷ്‌ടത്തിലേക്ക് വീഴ്‌ത്താനാണ് സാദ്ധ്യത.
തിരഞ്ഞെടുപ്പ് അടുത്ത കാലമായതിനാൽ പൊതുവേ, നിക്ഷേപകരുടെ മനസ് അലോസരപ്പെട്ടിട്ടുണ്ട്. അതിനിടെയാണ്, രാഷ്‌ട്രീയ-സാമ്പത്തിക ലോകത്ത് ആശങ്കവിതച്ച് പുൽവാമ ഭീകരാക്രമണമുണ്ടായത്. പാകിസ്‌താനെതിരെ ശക്തമായി തിരിച്ചടിക്കണമെന്ന വികാരം രാജ്യത്ത് ശക്തമാണ്. എന്നാൽ, ഇന്ത്യ ഉടനൊരു യുദ്ധത്തിന് മുതിരില്ലെങ്കിലും 'സർജിക്കൽ സ്‌ട്രൈക്ക്" പോലുള്ള യുദ്ധ സമാനസാഹചര്യങ്ങൾ ഓഹരി വിപണിയിലേക്കുള്ള പണമൊഴുക്കിന് തടസമാകും. വിദേശ നിക്ഷേപകരും ഇന്ത്യയിൽ നിന്ന് വിട്ടൊഴിയും.
യുദ്ധം പ്രായോഗികമല്ലാത്തതിനാൽ, യുക്തിസഹമായ മറ്ര് നടപടികളിലേക്ക് മാത്രമേ കേന്ദ്രസർക്കാർ കടക്കാൻ സാദ്ധ്യതയുള്ളൂ. അതിനാൽ, ഓഹരി വിപണിക്കുള്ള ആശങ്ക ദീർഘകാലത്തേക്ക് നീളില്ലെന്ന് ഉറപ്പിക്കാം. 737 പോയിന്റുകളുടെ (രണ്ടു ശതമാനം) നഷ്‌ടമാണ് കഴിഞ്ഞവാരം സെൻസെക്‌സ് കുറിച്ചത്. ഏറെക്കാലത്തെ ഇടവേളയ്ക്ക് ശേഷമാണ് സെൻസെക്‌സ് ഇങ്ങനെ തുടർച്ചയായ ദിനങ്ങളിൽ നഷ്‌ടം രുചിക്കുന്നത്. നിഫ്‌റ്റി 219 പോയിന്റും (രണ്ടു ശതമാനം) നഷ്‌ടം രേഖപ്പെടുത്തി. വ്യാപാരാന്ത്യം സെൻസെക്‌സ് 35,808ലും നിഫ്‌റ്രി 10,724ലുമാണുള്ളത്. വിദേശ നിക്ഷേപത്തിലെ ഇടിവും ക്രൂഡോയിൽ വിലക്കുതിപ്പുമാണ് കഴിഞ്ഞവാരം പ്രധാന തിരിച്ചടിയായത്. ഈ പ്രതിസന്ധി നിലനിൽക്കേയാണ് കൂടുതൽ ആശങ്ക വിതച്ചുള്ള ഭീകരാക്രമണം.
കഴിഞ്ഞ വെള്ളിയാഴ്‌ച മാത്രം 2,485 കോടി രൂപയുടെ ഇന്ത്യൻ ഓഹരികളാണ് വിദേശ ധനകാര്യ സ്ഥാപനങ്ങൾ വിറ്റൊഴിഞ്ഞത്. ജനുവരിയിൽ 5,264 കോടി രൂപ വിദേശ നിക്ഷേപകർ ഇന്ത്യൻ ഓഹരി വിപണിയിൽ നിന്ന് പിൻവലിച്ചിരുന്നു. ഈമാസം ഒന്നുമുതൽ 15വരെയുള്ള ദിനങ്ങളിലായി മൊത്തം 5,322 കോടി രൂപയുടെ ഓഹരികൾ വിദേശ ധനകാര്യ സ്ഥാപനങ്ങൾ വാങ്ങിയിട്ടുണ്ട്. എന്നാൽ, വിദേശ നിക്ഷേപം കൊഴിയുന്ന കാഴ്‌ചയാണ് കഴിഞ്ഞ വാരാന്ത്യം മുതലുള്ളത്. പുൽവാമ ആക്രമണത്തിന്റെ പശ്‌ചാത്തലത്തിൽ ഈ ട്രെൻഡ് തുടരാനാണ് സാദ്ധ്യത. അത്, സെൻസെക്‌സിനെയും നിഫ്‌റ്രിയെയും കൂടുതൽ തളർത്തും. ഈവാരം നിഫ്‌റ്രി 10,500വരെ താഴ്‌ന്നേക്കാമെന്ന വിലയിരുത്തലുകകളും ശക്തമാണ്.
ക്രൂഡോയിൽ വില (ബ്രെന്റ്) കഴിഞ്ഞവാരം ബാരലിന് 66.25 ഡോളറിലാണുള്ളത്. കഴിഞ്ഞ നവംബറിലേതിന് ഏറെക്കുറെ സമാനമായ വിലയാണിത്. വില കൂടുതൽ ഉയരുന്നത് ഓഹരി വിപണിക്കുമേൽ കൂടുതൽ സമ്മർദ്ദമുണ്ടാക്കും. രൂപയുടെ തളർച്ചയാണ് അലോസരപ്പെടുത്തുന്ന മറ്റൊരു ഘടകം. ഈമാസമാദ്യം ഡോളറിനെതിരെ 70 നിലവാരത്തിൽ തുടർന്ന രൂപ കഴിഞ്ഞവാരം 71.22ലാണുള്ളത്. ക്രൂഡോയിൽ വില വർദ്ധന, വിദേശ നിക്ഷേപത്തിലെ കൊഴിഞ്ഞുപോക്ക്, പുൽവാമ ഭീകരാക്രമണത്തെ തുടർന്ന് സാമ്പത്തിക ലോകത്തുള്ള ഭീതി എന്നിവ രൂപയുടെ ഈവാരം 72ലേക്ക് വീഴ്‌ത്തിയേക്കാമെന്ന വിലയിരുത്തലുകൾ ശക്തമാണ്.
737
കഴിഞ്ഞവാരം സെൻസെക്‌സ് വ്യാപാരം അവസാനിപ്പിച്ചത് 737 പോയിന്റുകളുടെ നഷ്‌ടത്തോടെ. നിഫ്‌റ്രി 219 പോയിന്റ് നഷ്‌ടവും രുചിച്ചു.
₹$71.22
കഴിഞ്ഞവാരം ഡോളറിനെതിരെ രൂപ വ്യാപാരം പൂർത്തിയാക്കിയത് 71.22ൽ. ക്രൂഡോയിൽ വില വർദ്ധന, ഓഹരി വിപണിയിൽ നിന്നുള്ള വിദേശ നിക്ഷേപത്തിലെ കൊഴിവ് എന്നിവ ഈവാരം രൂപയ്‌ക്കുമേൽ കൂടുതൽ സമ്മർദ്ദമാകും.
$66.25
കഴിഞ്ഞവാരം ബാരലിന് ഒന്നര ഡോളറിനടുത്ത് വർദ്ധനയാണ് ക്രൂഡോയിൽ വില രേഖപ്പെടുത്തിയത്. ബ്രെന്റ് ക്രൂഡ് വില ബാരലിന് 66.25 ഡോളറാണിപ്പോൾ. ക്രൂഡ് വില കൂടുന്നത് ഓഹരി വിപണിക്ക് കൂടുതൽ തിരിച്ചടിയാകും.