ടെഹ്‌റാന്‍: ഇന്ത്യയ്ക്കു പിന്നാലെ പാകിസ്ഥാന് താക്കീതുമായി ഇറാനും. ഇറാൻ അതിർത്തിയിൽ 27 സൈനികർ ചാവേറാക്രമണത്തിൽ കൊല്ലപ്പെട്ടതിനു പിന്നിൽ പാക് ഭീകരരാണെന്നും കനത്ത വിലനൽകേണ്ടി വരുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.
വിദേശകാര്യമന്ത്രി സുഷമാ സ്വരാജുമായുള്ള കൂടിക്കാഴ്ചയ്ക്കു പിന്നാലെ ഇറാൻ വിദേശകാര്യമന്ത്രി സയിദ് അബ്ബാസ് അരാഖ്‌ച്ചി ട്വിറ്ററിലൂടെയാണ് നിലപാട് വ്യക്തമാക്കിയത്.
കഴിഞ്ഞ ദിവസങ്ങളിൽ ഇറാനും ഇന്ത്യയും ഹീനമായ ഭീകരാക്രമണങ്ങൾ നേരിട്ടു. ഇന്ത്യൻ വിദേശകാര്യമന്ത്രി സുഷമാ സ്വരാജുമായി നടത്തിയ ചർച്ചയിൽ ഭീകരയ്ക്കെതിരെ ഇരുരാജ്യങ്ങളും യോജിച്ചു പ്രവർത്തിക്കാൻ ധാരണയായി. സഹിച്ചതു മതി- സയിദ് ട്വിറ്ററിൽ കുറിച്ചു. ബൾഗേറിയയിലെ ത്രിദിന സന്ദർശനത്തിനിടെയാണ് സുഷമ ടെഹ്‌റാനിൽ സയിദുമായി കൂടിക്കാഴ്ച നടത്തിയത്.
ഫെബ്രുവരി 13നാണ് ഇറാൻ- പാക് അതിർത്തി പ്രദേശത്ത് ഭീകരാക്രമണം ഉണ്ടായത്. ആക്രമണത്തിൽ 27 ഐ.ആർ.ജി.സി ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടിരുന്നു.