sip-

കൊച്ചി: മ്യൂച്വൽഫണ്ടുകളിലേക്ക് വിവിധ തവണ വ്യവസ്ഥകളിൽ നിക്ഷേപം നടത്തുന്ന മാർഗമായ സിസ്‌റ്റമാറ്രിക് ഇൻവെസ്‌റ്ര് പ്ളാനുകളുടെ (എസ്.ഐ.പി)​ രജിസ്‌ട്രേഷൻ എണ്ണം നടപ്പു സാമ്പത്തിക വർഷത്തെ ആദ്യ ഒമ്പതുമാസക്കാലയളവിൽ 61 ശതമാനം ഇടിഞ്ഞു. പ്രതീക്ഷിച്ചതുപോലെ റിട്ടേൺ ലഭിക്കാത്തതും രാജ്യം ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്ക് കടക്കുന്നതിന് മുന്നോടിയായുള്ള 'താത്കാലിക" ആശങ്കയുമാണ് തിരിച്ചടിയായത്.

2018 ഏപ്രിലിൽ രജിസ്‌ട്രേഷൻ 4.87 ലക്ഷമായിരുന്നു. ഡിസംബറിൽ 1.87 ലക്ഷത്തിലേക്ക് രജിസ്‌ട്രേഷനുകൾ കുറഞ്ഞുവെന്ന് അസോസിയേഷൻ ഒഫ് മ്യൂച്വൽ ഫണ്ട്‌സ് ഇൻ ഇന്ത്യ (ആംഫി)​ വ്യക്തമാക്കി. നടപ്പുസാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ എസ്.ഐ.പി നിക്ഷേപകരുടെ എണ്ണം പ്രതിമാസം പത്തുലക്ഷത്തിലേറെയായിരുന്നു. ഒമ്പതാം മാസത്തിലേക്ക് കടക്കുമ്പോൾ ഇത് ഏഴര ലക്ഷത്തിലേക്ക് താഴ്‌ന്നിട്ടുണ്ട്. എസ്.ഐ.പി പിൻവലിക്കലുകളുടെ എണ്ണം 2018 ഏപ്രിലിൽ 3.99 ലക്ഷമായിരുന്നത് ഡിസംബറിൽ 5.36 ലക്ഷമായും ഉയർന്നു.

2017-18ൽ മൊത്തം 116.41 ലക്ഷം എസ്.ഐ.പി അക്കൗണ്ട് രജിസ്‌ട്രേഷനുകളാണ് ഉണ്ടായിരുന്നത്. 34.83 ലക്ഷം പിൻവലിക്കലുകളും ഉണ്ടായി. നടപ്പുസാമ്പത്തിക വർഷത്തെ ഒമ്പുമാസക്കാലയളവിൽ മൊത്തം ചേർക്കപ്പെട്ടത് 85.16 ലക്ഷം അക്കൗണ്ട് രജിസ്‌ട്രേഷനുകളാണ്. 42.67 ലക്ഷം അക്കൗണ്ടുകൾ പിൻവലിക്കപ്പെട്ടു.