ഹൈദരാബാദ്: പുൽവാമ ഭീകരാക്രമണത്തിൽ സുരക്ഷാ വീഴ്ച സംഭവിച്ചതായി റോ മുൻ തലവൻ വിക്രം സൂദ്. സുരക്ഷ വീഴ്ച എവിടെയെങ്കിലും സംഭവിക്കാത്തപക്ഷം ഇതുപോലുള്ള ആക്രമണങ്ങൾ നടത്താനാവില്ലെന്ന് വിക്രം സൂദ് പറഞ്ഞു. ഹെെദരാബാദിൽ നടന്ന പരിപാടിയിൽ മാദ്ധ്യപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭീകരാക്രമണത്തിന് പിന്നിൽ ഒരാളല്ല. ഒന്നിലേറെപ്പേർ ഉണ്ടാകാമെന്ന് വിക്രം സൂദ് പറഞ്ഞതായി എ.എൻ.ഐ വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു. സ്ഫോടന വസ്തുക്കൾ എത്തിച്ചത് ഒരാളാകാം. അവ സംയോജിപ്പിച്ചത് മറ്റൊരാൾ, സ്‌ഫോടനത്തിന് ഉപയോഗിച്ച കാർ സംഘടിപ്പിച്ചത് മറ്റൊരാളും ആയിരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
സി.ആർ.പി.എഫ് വാഹനങ്ങളുടെ നീക്കം അവർ കൃത്യമായി അറിഞ്ഞിരിക്കാം. എവിടെ വെച്ചാണ് ആക്രമണം നടത്തേണ്ടത് എന്നത് സംബന്ധിച്ച വിവരങ്ങൾ അവൾ അറിഞ്ഞിരിക്കണം. ചാവേറിനെ തിരഞ്ഞെടുത്തതും സ്ഫോടനം നടത്താൻ പ്രരിപ്പിച്ചതും ഒരു കൂട്ടം ആൾക്കാർ തന്നെയാണ്. എന്നാൽ എവിടെയാണ് പിഴവ് സംഭവിച്ചതെന്ന് ഈ സാഹചര്യത്തിൽ പറയാൻ സാധിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
തിരിച്ചടി നൽകുന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്കും അദ്ദേഹം പ്രതികരിച്ചു. തിരിച്ചടിക്കാൻ ഇത് ബോക്സിംഗ് മാച്ചല്ല, പ്രധാനമന്ത്രി പറഞ്ഞതു പോലെ സെെന്യത്തിന് പൂർണ സ്വാതന്ത്ര്യം നൽകുകയാണ് വേണ്ടത്. അത് ഇന്നോ നാളെയോ ഉണ്ടാവില്ലെന്നും അദ്ദേഹം മാദ്ധ്യമ പ്രവർത്തകരോട് പ്രതികരിച്ചു.