pca

മൊഹാലി: പുൽവാമയിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്താൻ ക്രിക്കറ്റ് താരങ്ങളുടെ ചിത്രങ്ങൾ നീക്കം ചെയ്ത് പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷൻ. മൊഹാലി ക്രിക്കറ്റ് സ്റ്റേഡിയത്തിലെ ചിത്രങ്ങളാണ് അസോസിയേഷൻ മാറ്റിയത്. പുൽവാമയിൽ വീരമൃത്യു വരിച്ച ജവാൻമാരോടുള്ള ആദരസൂചകമായാണ് ചിത്രങ്ങൾ മാറ്റിയതെന്ന് അസോസിയേഷൻ അറിയിച്ചു.

മുൻ പാക് ക്യാപ്റ്റനും ഇപ്പോഴത്തെ പാക് പ്രധാനമന്ത്രിയുമായ ഇമ്രാൻ ഖാൻ, വസീം അക്രം, ഷാഹിദ് അഫ്രീദി, ജാവേദ് മിയാൻദാദ് തുടങ്ങി പതിനഞ്ച് താരങ്ങളുടെ ചിത്രങ്ങളാണ് നീക്കം ചെയ്തത്. സ്റ്റേഡിയത്തിലെ ലോംഗ് റൂം, ഗാലറി, റിസപ്ഷൻ തുടങ്ങിയ സ്ഥലങ്ങളിലായാണ് ചിത്രങ്ങൾ സ്ഥാപിച്ചിരുന്നത്.

എല്ലാവരുമായി ചർച്ച ചെയ്തശേഷമാണ് തീരുമാനമെന്ന് പി.സി.എ ട്രഷറർ അജയ് ത്യാഗി വ്യക്തമാക്കി.

പുൽവാമയിൽ നടന്ന ഭീകരാക്രമണത്തിൽ 40 സി.ആർ.പി.എഫ് ജവാന്മാരാണ് വീരമൃത്യു വരിച്ചത്. ആക്രമണത്തിന് പിന്നാലെ പാക് ഭീകര സംഘടനയായ ജയ്‌ഷെ മുഹമ്മദ് ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.