ksu-

തിരുവനന്തപുരം: കാസർകോട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് പ്രതിഷേധിച്ച് കെ.എസ്.യു നാളെ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് നടത്തും. കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്താണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തത്.

അതേസമയം കണ്ണൂർ സർവകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി അറിയിച്ചു.

ഭരണത്തിന്റെ തണലിൽ പാ‍‌‌ർട്ടി ഗുണ്ടകളെ ഉപയോഗിച്ച് സി.പി.എം ആസൂത്രിതമായി നടപ്പാക്കിയ കൊലപാതകമാണിതെന്നും അക്രമികളെ എത്രയും പെട്ടന്ന് നിയമത്തിന് മുന്നിൽ എത്തിക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. യാതൊരു പ്രകോപനവുമില്ലാതെയാണ് സി.പി.എം ആക്രമണമെന്നും അക്രമ രാഷ്ട്രീയത്തിനെതിരെ ശക്തമായ പ്രതിഷേധമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കോൺഗ്രസ് ആരോപണം സി.പി.എം നിഷേധിച്ചു. കൊലപാതകത്തിൽ സിപിഎമ്മിന് ബന്ധമില്ലെന്നും കോൺഗ്രസിന്റെ ആരോപണം തെറ്റെന്നും ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്ണൻ മാസ്റ്റർ പറഞ്ഞു. കൊലപാതകം ദൗർഭാഗ്യകരമാണ്. കൊലപാതകത്തെ അപലപിക്കുന്നുവെന്നും കുറ്റവാളികളെ കണ്ടെത്തി മാതൃകപരമായ ശിക്ഷ നൽകണമെന്നും ബാലകൃഷ്ണൻ മാസ്റ്റർ പറഞ്ഞു. കൊലപാതക കേസിൽ സി.പി.എം പ്രവർത്തകർ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അവർ പാർട്ടിയിൽ ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.