hartal

തിരുവനന്തപുരം: കാസർഗോഡ് രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വെട്ടികൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് സംസ്ഥാനവ്യാപകമായി യൂത്ത് കോൺഗ്രസ് നടത്തുന്ന ഹർത്താൽ പുരോഗമിക്കുന്നു. പലയിടത്തും പ്രവർത്തകർ ഗതാഗതം തടസപ്പെടുത്തുന്നുണ്ട്. കെ.എസ്.ആർ.ടി.സി, സ്വകാര്യബസുകൾ സർവീസുകൾ നിറുത്തിവച്ചിട്ടുണ്ട്. അതേസമയം, ഹർത്താലിന്റെ പശ്‌ചാത്താലത്തിൽ സ്വൈര്യമായ ജനജീവിതം ഉറപ്പു വരുത്തുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കാൻ ഡി.ജി.പി ലോക്‌നാഥ് ബെ‌ഹ്‌റ എല്ലാ ജില്ലാ പൊലീസ് മേധാവികൾക്കും നിർദേശം നൽകിയിട്ടുണ്ട്.

ഏതെങ്കിലും വിധത്തിലുളള അക്രമത്തിൽ ഏർപ്പെടുകയോ സഞ്ചാര സ്വാതന്ത്ര്യം തടയുകയോ ചെയ്യുന്ന ഹർത്താൽ അനുകൂലികൾക്കെതിരെ കർശന നടപടി സ്വീകരിക്കും. പൊതുമുതൽ നശിപ്പിക്കുന്നവരിൽ നിന്നു നഷ്‌ടത്തിനു തുല്യമായ തുക ഈടാക്കാൻ നിയമ നടപടി കൈക്കൊള്ളും. ഇവരുടെ ബാങ്ക് അക്കൗണ്ടുകളിൽ നിന്നോ സ്വത്തു വകകളിൽ നിന്നോ നഷ്‌ടം ഈടാക്കാനാണ് നടപടി സ്വീകരിക്കുക. സർക്കാർ ഓഫീസുകൾക്കും സ്ഥാപനങ്ങൾക്കും സംരക്ഷണം നൽകും. അക്രമത്തിനു മുതിരുന്നവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്‌ത് നടപടി സ്വീകരിക്കും തുടങ്ങിയ നിർദേശങ്ങളാണ് ഡി.ജി.പി നൽകിയിരിക്കുന്നത്.