ശ്രീനഗർ: പുൽവാമയിൽ ഭീകരാക്രമണത്തിന്റെ സൂത്രധാരനെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു. ജെയ്ഷെ മുഹമ്മദ് ഭീകരനായ കമ്രാനെയാണ് സൈനികർ വധിച്ചത്. ഇയാൾക്കൊപ്പം മറ്റൊരു ഭീകരനും കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. ഭീകരർ ഒളിച്ചിരുന്ന വീട് സുരക്ഷാ സേന സ്‌ഫോടനത്തിലൂടെ തകർക്കുകയായിരുന്നു. വീടിനുള്ളിലുണ്ടായിരുന്ന ഭീകരർ കൊല്ലപ്പെട്ടുവെന്ന് സൈനികവൃത്തങ്ങൾ വ്യക്തമാക്കി. തീവ്രവാദികളുടേതായ ഒരു എ.കെ47 തോക്കും ഒരു പിസ്റ്റലും സൈന്യം കണ്ടെടുത്തിട്ടുണ്ട്. ഭീകരരെ വധിച്ചതിൽ മുൻ കശ്മീർ പൊലീസ് ചീഫ് ശേഷ് പോൾ സൈന്യത്തെ അഭിനന്ദിക്കുകയും ഇന്ന് വീരമൃത്യു വരിച്ച നാല് സൈനികർക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്ത് ട്വീറ്റ് ചെയ്തിരുന്നു.
മൂന്ന് ദിവസം മുൻപ് ഭീകരാക്രമണം നടന്ന പുൽവാമയിൽ കഴിഞ്ഞ ദിവസം രാത്രിമുതലാണ് തീവ്രവാദികളും സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ നടന്നത്. ഏറ്റുമുട്ടലിൽ നാല് സൈനികർ വീരമൃത്യു വരിച്ചു. പുൽവാമയിലെ പിംഗലാൻ മേഖലയിലാണ് ഏറ്റുമുട്ടൽ നടുക്കുന്നത്. പ്രദേശത്ത് തീവ്രവാദികൾ ഉണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് സൈന്യം പ്രദേശം വളഞ്ഞതിനെ തുടർന്ന് ഭീകരർ സൈന്യത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. ഏറ്റുമുട്ടലിനിടയിൽ പ്രദേശവാസിയായ ഒരാളും കൊല്ലപ്പെട്ടിരുന്നു. പ്രദേശവാസികളോട് സൈന്യം സ്ഥലത്ത് നിന്ന് മാറുവാൻ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രദേശത്ത് സൈനിക നടപടികൾ തുടരുകയാണ്.