fb

തിരുവനന്തപുരം: പുൽവാമയിലെ ഭീകരനും സി.പി.എമ്മിന്റ കൊലയാളി പ്രവർത്തകനും തമ്മിൽ വ്യത്യാസമില്ലെന്നും രണ്ടുപേരും മനുഷ്യകരക്തം ആഗ്രഹിക്കുന്നവരാണെന്നും കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല. കാസർകോഡ് കല്യോട്ട് രണ്ട് യൂത്ത്കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊന്ന സംഭവത്തിൽ പ്രതിഷേധിച്ച് സി.പി.എമ്മിനെ കടന്നാക്രമിച്ചാണ് കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല ഫേസ്ബുക്കിൽ പോസ്റ്റിട്ടത്.

രണ്ട് ചെറുപ്പക്കാരുടെ ജീവനെടുത്തപ്പോൾ കോടിയേരി ബാലകൃഷ്ണന് എന്ത് ലഭിച്ചുവെന്നും. പാർട്ടി പരിപാടികളും ജാഥകളും നടത്തി തെമ്മാടിക്കൂട്ടത്തെ വളർത്തുകയാണോ സി.പി.എമ്മിന്റെ ഉദ്ദേശമെന്നും ജ്യോതിലാൽ ചോദിക്കുന്നു. പുൽവാമയിലെ ഭീകരനും നിങ്ങളുടെ കൊലയാളി പ്രവർത്തകനും തമ്മിൽ എന്താണ് വ്യത്യാസമെന്നും രണ്ടുപേരും മനുഷ്യകരക്തം ആഗ്രഹിക്കുന്നവരാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

മാത്രമല്ല സി.പി.എമ്മിനെ ഒരു ഭീകര പ്രസ്ഥാനമെന്നേ വിളിക്കാനാവൂ. കൊലക്കേസുകളിൽ പ്രതികളാവുന്ന ജനപ്രതിനിധികളെ കൂടെ കൊണ്ടു നടക്കുന്ന പാരമ്പര്യമാണ് പിണറായി വിജയന്റെ പ്രസ്ഥാനത്തിനുള്ളൂ എന്നും നാട്ടിൽ നല്ല രീതിയിൽ ജീവിക്കുന്നവെര സഖാക്കന്മാ‌ർക്ക് പിടിക്കില്ലെന്നും ജ്യോതിലാൽ പറയുന്നു. പാർട്ടി ലിസ്റ്രിടുന്നവരെയല്ല യഥാർത്ഥ കൊലയാളികളെ നിയമത്തിന് മുന്നിൽ കൊണ്ട് വരുന്നത് വരെ കോൺഗ്രസിന് വിശ്രമമില്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

പോസ്റ്റിന്റെ പൂർണരൂപം...

രണ്ട് ചെറുപ്പക്കാരുടെ ജീവനെടുത്തപ്പോൾ നിങ്ങൾ എന്താണ് നേടിയത് കോടിയേരി ബാലകൃഷ്ണൻ ?

പാർട്ടി ജാഥയും പ്രചാരണ പരിപാടികളുമായി തെമ്മാടിക്കൂട്ടത്തെ വളർത്തി വലുതാക്കലാണോ ഉദ്ദേശം ?

പുൽവാമയിലെ ഭീകരനും നിങ്ങളുടെ കൊലയാളി പ്രവർത്തകനും തമ്മിൽ എന്ത് വ്യത്യാസം ? രണ്ടു കൂട്ടരും മനുഷ്യ രക്തം തേടുന്നവർ.

പ്രാദേശികമായുണ്ടായ ഒരു ചെറിയ വാക്തർക്കത്തിനു സിപിഎം പരിഹാരം കാണുന്നത് രണ്ട് മനുഷ്യ ജീവനെടുത്താണ്.

ഇവരെ ഭീകര പ്രസ്ഥാനമെന്നല്ലേ വിശേഷിപ്പിക്കാനാകൂ. കൊലക്കേസ് പ്രതികളാകുന്ന ജനപ്രതിനിധികളെ അഭിമാനത്തോടെ കൊണ്ടു നടക്കുന്ന പാരമ്പര്യമാണ് പിണറായി വിജയന്റെ പ്രസ്ഥാനത്തിന്റേത്.

നാട്ടിൽ നല്ല രീതിയിൽ ജീവിക്കുന്ന ചെറുപ്പക്കാരെ സഖാക്കൻമാർക്ക് കണ്ണിൽ പിടിക്കില്ല. കമ്യൂണിസ്റ്റുകാരുടെ തോന്ന്യവാസങ്ങളെ ചോദ്യം ചെയ്യുന്നവരെ ഏതുവിധേനയും ഇല്ലാതാക്കുക എന്നതാണ് പാർട്ടി അണികൾക്കുള്ള നിർദ്ദേശം. മട്ടന്നൂരിൽ ഞങ്ങളുടെ ശുഹൈബിനെ ഇല്ലാതാക്കിയത് അതിന് മാത്രം. മകനെക്കുറിച്ചുള്ള വേദനയുമായി കഴിയുന്ന ആ ഉമ്മയുടെ കണ്ണീർ ഉണങ്ങും മുമ്പ് രണ്ടു കുടുംബങ്ങളെക്കൂടി വേദനയുടെ തീച്ചൂളയിലേക്ക് തള്ളിവിട്ടിരിക്കുന്നു.

ക്രമസമാധാന പാലനത്തിന്റെ ചുമതലയുള്ളവർ ഏതുവിധേനയും നാടിന്റെ സമാധാനം കളയാനാണ് നോക്കുന്നത്.

ഇനിയിപ്പോ കൊലപാതകികളെ ഒളിപ്പിക്കാനും തെളിവു നശിപ്പിക്കാനും നീക്കം തുടങ്ങാം. പാർട്ടി ഓഫീസിൽ കയറി നോക്കാൻ ഒരു പൊലീസുകാരനും ധൈര്യമുണ്ടാവില്ലല്ലോ. ഒന്നു മനസിലാക്കിക്കോളൂ. ഈ കൊലപാതകികളെ ,പാർട്ടി ലിസ്റ്റിടുന്നവരെയല്ല ,ശരിയായ കൊലപാതകികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരും വരെ ഇന്ത്യൻ നാഷണൽ കോൺഗ്രസിന് വിശ്രമമില്ല.