ന്യൂഡൽഹി: ഇന്ത്യയുടെ അച്ചാരം പറ്റി പാകിസ്ഥാനു പാദസേവ ചെയ്യുന്ന വിഘടനവാദികൾക്കായി രാജ്യം പാഴാക്കിയത് കോടികൾ. കാശ്മീർ സർക്കാരിന്റെ കണക്കു പ്രകാരം കഴിഞ്ഞ 10 വർഷമായി 15 കോടിയിലധികം തുകയാണ് ഇന്ത്യ ചെലവഴിച്ചത്. സുരക്ഷ, കാവൽക്കാർ, വ്യക്തിഗത സുരക്ഷാ ഉദ്യോഗസ്ഥർ തുടങ്ങിയ ഇനങ്ങളിലാണ് ഈ പാഴ്‌ചെലവ്. പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കാശ്‌മീരിലെ വിഘടനവാദി നേതാക്കൾക്കുള്ള സുരക്ഷ കേന്ദ്ര സർക്കാർ പിൻവലിച്ചതിനു തൊട്ടു പിന്നാലെയാണ് ഈ കണക്കുകൾ പുറത്തു വന്നിരിക്കുന്നത്.
മിർവായ്സ് ഉമർ ഫാറൂഖ്, അബ്‌ദുൽ ഗനി ഭട്ട്, ബിലാൽ ഗനി ലോൺ, ഹാഷിം ഖുറേഷി, ഫസൽ ഹഖ് ഖുറേഷി, ഷബീർ ഷാ എന്നീ നേതാക്കളുടെ സുരക്ഷയാണ് കേന്ദ്രസർക്കാർ കഴിഞ്ഞദിവസം പിൻവലിച്ചിരുന്നത്. ഇതിൽ മിർവായ്സ് ഉമർ ഫാറൂഖിനു വേണ്ടിയാണു കൂടുതൽ പണം ചെലവിടേണ്ടി വന്നതെന്ന് കണക്കുകൾ പറയുന്നു. പൊലീസ് അകമ്പടിക്ക് 1.27 കോടി, സുരക്ഷാ ഡ്യൂട്ടിക്ക് 5.06 കോടി എന്നിങ്ങനെയാണു ചെലവ്. ശ്രീനഗറിലെ നഗീൻ പ്രദേശത്ത് മിർവായ്സിന്റെ വീടിനു 10 പൊലീസുകാരേയാണ് സദാസമയവും സുരക്ഷയ്‌ക്കായി വിന്യസിച്ചിരുന്നത്.
2011 മുതൽ അബ്ദുൽ ഗനി ഭട്ടിന് 6–8 പൊലീസുകാരും നാലു എസ്.പി.ഒമാരും കാവലൊരുക്കുന്നു. സർക്കാരിനു ചെലവ് 2.34 കോടി രൂപ. മിർവായ്സിന്റെ നേതൃത്വത്തിലുള്ള ഹുറിയത്ത് കോൺഫറൻസിന്റെ എക്‌സിക്യൂട്ടിവ് അംഗമാണു ഭട്ട്. മറ്റൊരു നേതാവായ ബിലാൽ ഗനി ലോണിന്റെ സുരക്ഷയ്‌ക്കായി 1.65 കോടിയുടെ ബാധ്യതയാണു സർക്കാരിനുണ്ടായത്.
അബ്ബാസ് അൻസാരി 3.09 കോടി, മറ്റൊരു ഷിയ നേതാവ് സയിദ് ഹസ്സൻ 1.04 കോടി, ഷാഹിദ് ഉൾ ഇസ്ലാം 81.47 ലക്ഷം, സഫർ അക്ബർ ഭട്ട് 47.95 ലക്ഷം, സലീ ഗിലാനി 34.70 ലക്ഷം, സയിദ് അബ്ദുൽ ഹുസൈൻ 25.21 ലക്ഷം, മസ്രൂർ അബ്ബാസ് അൻസാരി 22.10 ലക്ഷം അബ്‌ദുൽ ഗനി ഷാ 8.74 ലക്ഷം, ഫറൂഖ് അഹമ്മദ് കിച്ച്ലൂ 8.74 ലക്ഷം എന്നിങ്ങനെയാണു മറ്റുള്ളവരുടെ ചെലവുകൾ.