kaumudy-news-headlines

1. ഹര്‍ത്താലില്‍ കര്‍ശന നടപടിയുമായി ഹൈക്കോടതി. നിറുത്തിവച്ച പൊതു ഗതാഗതം പുനസ്ഥാപിക്കണം എന്ന് ഹൈക്കോടതി. പൊതു ഗതാഗതം നിറുത്തിയാല്‍ കോടതി അലക്ഷ്യമാവും. പൊതു സ്ഥാപനങ്ങള്‍ അടച്ചെങ്കില്‍ തുറക്കണം. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസിന് കോടതി നോട്ടീസ്. ഹര്‍ത്താല്‍ ആഹ്വാനത്തില്‍ നേരിട്ട് ഹാജരായി വിശദീകരണം നല്‍കണം

2. മിന്നല്‍ ഹര്‍ത്താല്‍ നിയമ വിരുദ്ധം എന്ന് പൊതുജനത്തെ ബോധ്യപ്പെടുത്തണം എന്ന് ഹൈക്കോടതി. നിയമ വിരുദ്ധമായി ഹര്‍ത്താലിന് ആഹ്വാനം ചെയ്താല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരും എന്നും ഹൈക്കോടതി. തല്‍സ്ഥിതി റിപ്പോര്‍ട്ട് നല്‍കാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശം. കോടതി അലക്ഷ്യ കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും. അതിനിടെ, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ സംസ്ഥാന വ്യാപക സംഘര്‍ഷം

3. തിരുവനന്തപുരം തമ്പാനൂരില്‍ നിന്നുള്ള കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ നിറുത്തിവച്ചു. തിരുവനന്തപുരം കല്ലറയില്‍ വ്യാപാരിയെ ഹര്‍ത്താല്‍ അനുകൂലികള്‍ മര്‍ദ്ദിച്ചു. ചിന്നക്കടയില്‍ ഓട്ടോ ഡ്രൈവറെ മര്‍ദ്ദിച്ചു. ആറ്റിങ്ങലില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ കടകള്‍ അടപ്പിച്ചു. പാലക്കാട്ടും കോഴിക്കോടും കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് നേരെ കല്ലേറ്. കൊയിലാണ്ടിയില്‍ വ്യാപാരിയെ കടക്കുള്ളില്‍ പൂട്ടിയിട്ടു. മെട്രോ നിര്‍മ്മാണങ്ങള്‍ പ്രവര്‍ത്തനങ്ങള്‍ ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞു. എറണാകുളത്ത് വാഹനങ്ങള്‍ തടഞ്ഞ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി

4. കല്ലിയോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തിന് പിന്നില്‍ ക്വട്ടേഷന്‍ സംഘമെന്ന് പൊലീസ് നിഗമനം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിന്റെയും കൃപേഷിന്റെയും നീക്കങ്ങള്‍ പ്രാദേശിക സഹായത്തോടെ കൊലപാതകികള്‍ പിന്തുടര്‍ന്നതായി സൂചന. പ്രവര്‍ത്തകരുടേത് രാഷ്ട്രീയ കൊലപാതകം എന്ന് പൊലീസിന്റെ എഫ്.ഐ.ആര്‍ റിപ്പോര്‍ട്ടും പുറത്ത്. പ്രതികള്‍ എല്ലാം സി.പി.എം പ്രവര്‍ത്തകര്‍ എന്നും എഫ്.ഐ.ആര്‍.

5. കൊല്ലപ്പെട്ട ശ്യാംലാലിന്റെയും കൃപേഷിന്റേയും ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടും പുറത്തു വന്നു. കൊടുവാള്‍ പോലെയുള്ള മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് ഉണ്ടാക്കിയ മുറിവുകള്‍ ആണ് ഇരുവരുടേയും മരണ കാരണം. ശരത് ലാലിന് കഴുത്തില്‍ ആഴത്തില്‍ വെട്ടേറ്റു. ഇരുകാലുകളിലും അഞ്ച് വെട്ടുകളുണ്ട്. മൂര്‍ദ്ധാവില്‍ ആഴത്തിലുള്ള ഒറ്റവട്ടേറ്റ കൃപേഷ് സംഭവ സ്ഥലത്തു തന്നെ മരിച്ചിരുന്നു

6. പരിയാരം മെഡിക്കല്‍ കോളേജിലെ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹങ്ങള്‍ പരിയയിലെ കോണ്‍ഗ്രസ് ഓഫീസില്‍ പൊതു ദര്‍ശനത്തിന് വയ്ക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ വൈകിട്ട് കാസര്‍കോട് എത്തും. അതേസമയം, കൊലപാതകത്തില്‍ സി.പി.എമ്മിന് പങ്കില്ലെന്ന് പാര്‍ട്ടി ജില്ലാ ഘടകം. ആരോപണങ്ങള്‍ അടിസ്ഥാന രഹിതം എന്ന് ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണന്‍

7. പുല്‍വാമയില്‍ 40 സി.ആര്‍.പി.എഫ് ജവാന്മാരുടെ മരണത്തിന് ഇടയാക്കിയ മുഖ്യ സുത്രധാരനെ സൈന്യം വധിച്ചു. ഏറ്റുമുട്ടലിനിടെ സുരക്ഷാ സേന വകവരുത്തിയത്, ജെയ്‌ഷെ മുഹമ്മദ് ഭീകരനും സൂത്രധാരനില്‍ ഒരാളും ആയ കമ്രാനെ. ഇയാള്‍ക്ക് ഒപ്പം മറ്റൊരു ഭീകരനും സൈനിക നടപടിയില്‍ കൊല്ലപ്പെട്ടു എന്ന് റിപ്പോര്‍ട്ട്

8. ഭീകരര്‍ ഒളിച്ചിരുന്ന കെട്ടിടം സുരക്ഷാ സേന സ്‌ഫോടനത്തിലൂടെ തകര്‍ക്കുക ആയിരുന്നു. വീടിനുള്ളില്‍ ഉണ്ടായിരുന്ന ഭീകരര്‍ കൊല്ലപ്പെട്ടിട്ട് ഉണ്ടാകാം എന്ന് സൈനിക വൃത്തങ്ങള്‍. എന്നാല്‍ ഭീകരരുടെ മൃതദേഹങ്ങള്‍ ഇതുവരെ കണ്ടെടുത്തിട്ടില്ല. ഏറ്റുമുട്ടലില്‍ ഒരു മേജര്‍ അടക്കം നാല് സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു. ആക്രമണത്തില്‍ ഒരു പ്രദേശവാസിയും മരിച്ചതായി റിപ്പോര്‍ട്ടുണ്ട്

9. അതേസമയം പുല്‍വാമയിലെ സി.ആര്‍.പി.എഫ് ജവാന്മാരുടെ യാത്രയില്‍ സുരക്ഷാവീഴ്ച ഉണ്ടായിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രലായം. വ്യോമമാര്‍ഗം ജവാന്മാരെ കൊണ്ടുപോകണം എന്ന ആവശ്യം നിരസിച്ചു എന്ന വാര്‍ത്ത തെറ്റ്. സേനയുടെ അഭ്യര്‍ഥന മാനിച്ച് ഡല്‍ഹി ജമ്മു ശ്രീനഗര്‍ റൂട്ടില്‍ ആഴ്ചയില്‍ ഏഴ് വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നുണ്ട്. സേനയുടെ വിന്യാസത്തിനും പ്രവര്‍ത്തനത്തിനും റോഡ് മാര്‍ഗമുള്ള യാത്രകള്‍ അത്യാവശ്യമായി വരുമെന്നും ഇത് തുടരുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം

10. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി ഇമാം ഷെഫീഖ് അല്‍ ഖാസിമിയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച മൂന്ന് സഹോദരങ്ങളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ഒളിവില്‍ കഴിഞ്ഞ ഇമാമിന് സാമ്പത്തിക സഹായം എത്തിച്ച രണ്ട് പേര്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതം. അതിനിടെ ഇയാള്‍ സംസ്ഥാനം വിട്ടിട്ടില്ലെന്നു പൊലീസിന് സൂചന ലഭിച്ചതായി റിപ്പോര്‍ട്ട്

11. ഇമാമിനെ ഒളിവില്‍ കഴിയാനും രക്ഷപ്പെടാനും സഹായിച്ച സഹോദരങ്ങളായ അല്‍ അമീന്‍, അന്‍സാരി, ഷാജി എന്നിവരെ കൊച്ചിയില്‍ നിന്ന് കസ്റ്റഡിയിലെടുത്ത പൊലീസ് നെടുമങ്ങാട് എത്തിച്ച് ചോദ്യം ചെയ്യുക ആണ്. ഇവര്‍ നല്‍കിയ സൂചന അനുസരിച്ച് പല സ്ഥലങ്ങളിലും പരിശോധന നടത്തിയെങ്കിലും ഇമാം ഷെഫീഖ് അല്‍ ഖാസിമിയെ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. അതേസമയം കൊച്ചിയില്‍ ഒളിവില്‍ കഴിയുന്നതിനിടെ ഇമാമിന് തൊളിക്കോടുള്ള രണ്ട് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ രണ്ട് ലക്ഷം രൂപ കൈമാറിയെന്ന വിവരത്തിലും അന്വേഷണം

12. പുല്‍വാമ ഭീകര ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ- പാക് ബന്ധം വഷളായതിനിടെ കുല്‍ഭൂഷണ്‍ ജാദവ് കേസില്‍ ഇന്ന് അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ വാദം തുടങ്ങും. കുല്‍ഭൂഷണ്‍ ജാദവിന് എതിരെ പാക് സൈനിക കോടതി വിധിച്ച വധശിക്ഷ റദ്ദാക്കണം എന്നാണ് ഇന്ത്യയുടെ ആവശ്യം. ഇന്ത്യയ്ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ ഹാജരാകും. കുല്‍ഭൂഷണ്‍ ജാദവിന് കോണ്‍സുലാര്‍ ബന്ധം പാകിസ്ഥാന്‍ നിഷേധിച്ചത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനം ആണെന്ന് ഇന്ത്യ വാദിക്കും. അതേസമയം മുസ്ലീം പേരിലെടുത്ത പാസ്‌പോര്‍ട്ട് കണ്ടെത്തിയിട്ടുണ്ടെന്നും, ബലൂചിസ്ഥാനില്‍ ചാര പ്രവര്‍ത്തനത്തിന് എത്തിയെന്നതിന് തെളിവുണ്ടെന്നും ആകും പാകിസ്ഥാന്റെ വാദം