copper

ചെന്നൈ: തൂത്തുക്കുടിയിലെ വേദാന്ത കമ്പനിയുടെ ചെമ്പ് ശുദ്ധീകരണ പ്ലാന്റ് തുറക്കാമെന്ന ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവ് സുപ്രീംകോടതി തടഞ്ഞു. പ്ലാന്റ് അടച്ചുപൂട്ടാനുള്ള സർക്കാർ ഉത്തരവ് ദേശീയ ഹരിത ട്രൈബ്യൂണൽ മരവിപ്പിച്ചതിനെതിരെയാണ് തമിഴ്നാട് സർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് നടപടി.

ഹരിത ട്രൈബ്യൂണലിന് കേസിൽ ഇടപെടാനാകില്ലെന്നും കമ്പനിക്ക് വേണമെങ്കിൽ മദ്രാസ് ഹൈക്കോടതിയെ സമീപിക്കാമെന്നും കോടതി അറിയിച്ചു. പ്ലാന്റിന്റെ പ്രവർത്തനം സാരമായ മലിനീകരണം ഉണ്ടാക്കുന്നു എന്ന കണ്ടെത്തലിനെ തുടർന്ന് പ്ലാന്റ് അടച്ചുപൂട്ടാൻ സർക്കാർ ഉത്തരവ് പുറത്തിറക്കിയിരുന്നു. എന്നാൽ ഉത്തരവ് പുറത്തിറക്കി ഒരുമാസം തികയുന്നതിന് മുൻപ് തന്നെ ഹരിത ട്രൈബ്യൂണൽ ഇത് മരവിപ്പിച്ചിരുന്നു.

പ്ലാന്റിന്റെ പ്രവർത്തനങ്ങൾ തടയണമെന്നാവശ്യപ്പെട്ട് നേരത്തേ നടന്ന ജനകീയ പ്രക്ഷോഭത്തിൽ പൊലീസ് ജനങ്ങൾക്ക് നേരെ വെടിയുതിർക്കുകയും 13പേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഇതിനെ തുടർന്ന് സംസ്ഥാന സർക്കാരിനെതിരെ ശക്തമായ ജനവികാരം ഉയർന്നിരുന്നു. ഇതോടെ കമ്പനി എന്നെന്നേക്കുമായി അടച്ചുപൂട്ടാൻ സംസ്ഥാന സർക്കാർ ഉത്തരവിടുകയായിരുന്നു. ദേശീയ ഹരിത ട്രിബ്യൂണൽ രൂപീകരിച്ച മൂന്നംഗ സമിതി വിഷയത്തിൽ നടത്തിയ പഠനത്തിന് ശേഷമാണ് ഉത്തരവ് മരവിപ്പിക്കാൻ തീരുമാനിച്ചത്. ഇന്ത്യയുടെ വാർഷിക ചെമ്പ് ഉൽപാദനത്തിന്റെ നാൽപ്പത് ശതമാനമാനവും വേദാന്ത സ്റ്റെർലൈറ്റ് ചെമ്പ് പ്ലാന്റിൽ നിന്നാണ്. അനിൽ അഗർവാളിന്റെ ഉടമസ്ഥയിലുള്ള കമ്പനിയാണ് വേദാന്ത റിസോഴ്സസ്.