''ഏയ്...."
ഡോക്ടർമാരിൽ ഒരാൾ പെട്ടെന്നു മുന്നോട്ടു ചെന്ന് രാഹുലിനെ തടഞ്ഞു:
''എന്താണിത്? ഞങ്ങൾ പേഷ്യൻസിനെ നോക്കിക്കൊണ്ടു നിൽക്കുന്ന സമയമാണ് ഇതെന്ന് അറിയില്ലേ?"
രാഹുൽ, ഡോക്ടറെ തുറിച്ചു നോക്കി.
''എന്നും ഈ സമയത്ത് ഞങ്ങൾ അച്ഛനെ കാണാറുള്ളതാണല്ലോ..."
പറയുന്നതിനിടയിൽ അവൻ ഡോക്ടറുടെ തോളിനു പുറത്തുകൂടി രാജസേനൻ കിടക്കുന്ന ഭാഗത്തേക്കു നോക്കി. പക്ഷേ അവിടെ കർട്ടൻ ഇട്ടിരിക്കുന്നതിനാൽ ഒന്നും കാണാൻ വയ്യ....
മറ്റൊരു ഡോക്ടർ കൂടി രാഹുലിന്റെ അടുത്തേക്കു വന്നു.
''നോക്ക് മി. രാഹുൽ... തൽക്കാലം നിങ്ങളെ രാജസേനൻ സാറിന്റെ അടുത്തേക്ക് അയയ്ക്കുവാൻ ബുദ്ധിമുട്ടുണ്ട്. കാരണം അദ്ദേഹത്തെ ഞങ്ങൾ വീണ്ടും വെന്റിലേറ്ററിലേക്കു മാറ്റുകയാണ്."
രാഹുലിന്റെ മുഖത്ത് സംശയത്തിന്റെ ചൂരടിച്ചു.
''അതെന്താ പെട്ടെന്ന് അങ്ങനെ? ഇന്നലെ ഞാൻ കാണുമ്പോഴും അച്ഛന് നല്ല മാറ്റം ഉണ്ടായിരുന്നല്ലോ.."
''ശരിയാണ്! പക്ഷേ ഇപ്പോൾ അദ്ദേഹത്തിന്റെ ഷുഗർ ലെവൽ വല്ലാതെ ഡൗൺ ആയിരിക്കുന്നു. പ്രഷർ കൂടിയിട്ടുമുണ്ട്."
രാഹുൽ അമ്പരന്നു.
''ഡോക്ടർ?"
''യേസ്..." അയാൾ രാഹുലിന്റെ തോളിൽ കൈവച്ചു. ''ഞങ്ങൾ മാത്രം വിചാരിച്ചാൽ ഒന്നും നടക്കില്ലല്ലോ... ദൈവസഹായം കൂടി വേണം. അതുണ്ട് എന്നുതന്നെയാണ് ഞങ്ങൾ ഇപ്പോഴും കരുതുന്നത്. ഞങ്ങൾ ഒട്ടും പ്രതീക്ഷ കൈവിട്ടിട്ടില്ല."
രാഹുൽ തലയനക്കി.
''ശരി ഡോക്ടർ....."
അവൻ മെല്ലെ തിരിഞ്ഞ് പുറത്തേക്കു നീങ്ങി.
ഡോക്ടർമാർ ആശ്വാസത്തോടെ നിശ്വസിച്ചു.
അപ്പോൾ മെഡിക്കൽ കോളേജ് സൂപ്രണ്ട് തിടുക്കത്തിൽ കടന്നുവന്നു.
''തൽക്കാലം ഈ വാർത്ത പുറത്തുവിടണ്ടെന്നാണ് മന്ത്രിയുടെ നിർദ്ദേശം. ഡി.ജി.പിയും അങ്ങനെ തന്നെ പറഞ്ഞു."
ഡോക്ടർമാർ മിണ്ടിയില്ല.
നഴ്സ് താര ഡ്യൂട്ടി അവസാനിപ്പിച്ചു മടങ്ങി.
രാഹുൽ അമ്മയോട് ഒന്നും പറഞ്ഞില്ല. പക്ഷേ ഒരു സംശയം അവന് അപ്പോഴും ബാക്കിനിന്നു.
അച്ഛന്റെ നില പെട്ടെന്നു വഷളാകാൻ കാരണമെന്ത്?
അല്പം മദ്യപിക്കണം എന്ന് അവനു തോന്നി.
മുറിയിലാണെങ്കിൽ മദ്യം ഇരിപ്പില്ല. മെഡിക്കൽ കോളേജിന് അടുത്തുള്ള ബാർ ഉടമയെ അവനറിയാം.
പതിനൊന്നു മണിക്കേ ബാർ ഓപ്പണാകൂ എങ്കിലും അവിടെ പോയിക്കഴിഞ്ഞാൽ തനിക്കു കിട്ടും എന്ന് രാഹുലിന് ഉറപ്പുണ്ട്.
രാഹുൽ അവിടേക്കു നടന്നു. തന്റെ റെയ്ഞ്ച് റോവർ കാർ സ്പാനർ മൂസ അടക്കം പോലീസ് കസ്റ്റഡിയിൽ എടുത്തതിനാൽ അവനു വേറെ വണ്ടി അവിടെ ഉണ്ടായിരുന്നില്ല.
ഹോസ്പിറ്റലിൽ രോഗിയെ എത്തിച്ചിട്ട് മടങ്ങിയ ഒരു ഓട്ടോ അവൻ കൈകാണിച്ചുനിർത്തി.
അതിൽ കയറി.
''ഉർവ്വശി ബാർ."
അവൻ പറഞ്ഞു.
ഓട്ടോ നീങ്ങി.
മെഡിക്കൽ കോളേജ് ഗേറ്റുകടന്നപ്പോൾ അവിടെ പാർക്കു ചെയ്തിരിക്കുന്ന പോലീസിന്റെ ഒരു ബൊലോറോ ജീപ്പിൽ കണ്ണുടക്കി.
കോ-ഡ്രൈവർ സീറ്റിൽ ഒരു കാൽ പുറത്തേക്കു നീട്ടി ഫുട്റസ്റ്റിൽ ചവുട്ടിയിരിക്കുന്നു സി.ഐ ധനപാലൻ.
ചുരിദാർ അണിഞ്ഞ ഒരു യുവതി ജീപ്പിനടുത്തേക്കു ചെല്ലുന്നതും ധനപാലൻ ഒരു പൊതി നീട്ടുന്നതും അവൻ കണ്ടു.
യുവതി പെട്ടെന്ന് ചുറ്റും ഒന്നു നോക്കിയിട്ട് ആ പൊതി വാങ്ങി ബാഗിൽ വയ്ക്കുന്നു. പിന്നെ തിടുക്കത്തിൽ നടന്നു പോകുന്നു!
അവളെയും കടന്ന് ഓട്ടോ ഉള്ളൂർ ഭാഗത്തേക്കു നീങ്ങി.
രാഹുൽ പെട്ടെന്ന് തല അല്പം പുറത്തേക്കു നീട്ടി നോക്കി.
ബസ് സ്റ്റോപ്പിലെ വെയിറ്റിംഗ് ഷെഡ്ഡിലേക്കു കയറുന്ന അവളുടെ മുഖം മിന്നായം പോലെ കണ്ടു.
നഴ്സ് താര!
സി.ഐയും അവളുമായി എന്തു ബന്ധം?
രാഹുലിന്റെ തലച്ചോറിൽ ഒരു കരിന്തേൾ പുളഞ്ഞുകുത്തി.
അച്ഛനോടൊപ്പം രാത്രി ഐ.സി.യുവിൽ അവളായിരുന്നെന്നും അവൻ പൊടുന്നനെ ഓർത്തു.
സി.ഐ ധനപാലൻ ആണെങ്കിൽ മുഖ്യമന്ത്രിയുടെ അടുത്ത ആളുമാണ്.!
ഓട്ടോ ബാറിനു മുന്നിൽ എത്തുമ്പോഴും രാഹുലിന്റെ മനസ്സിൽ നഴ്സ് താരയുടെ മുഖം മിന്നിക്കൊണ്ടിരുന്നു....
(തുടരും)