ഓറൽ സബ് മ്യൂകസ് ഫൈബ്രോസിസ് എന്നാണ് ഈ അവസ്ഥയെ പറയാറ്. ഇതുപോലെ വായിൽ കാണുന്ന പല വ്യതിയാനങ്ങളും അർബുദത്തിന്റെ പ്രാരംഭ ലക്ഷണങ്ങളാണ്. വായിൽ കാണുന്ന വെളുത്തതും ചുവന്നതുമായ പാടുകൾ വളരെയേറെ ശ്രദ്ധിക്കണം. അർബുദത്തിന്റെ മുന്നോടിയായി കാണുന്ന ഇവ പലപ്പോഴും വേദനാരഹിതമായതിനാൽ മിക്കവരും ശ്രദ്ധിക്കാറില്ല. വെളുത്ത പാടുകളെ ലൂക്കോ പ്ളാക്കിയ എന്നും ചുവന്നവയെ എറിത്രോ പ്ളാക്കിയ എന്നുമാണ് വിളിക്കാറ്. വെളുത്തതിനേക്കാൾ ഏറെ അപകടകാരിയാണ് ചുവന്ന പാടുകൾ.
വായിൽ കൂർത്ത പല്ലുകളുടെ അഗ്രമോ ദന്തക്രമീകരണത്തിനായുള്ള കമ്പിയോ വയ്പു പല്ലുകളുടെ ഭാഗങ്ങളോ തട്ടി നാവിലും കവിളിന്റെ ഉൾഭാഗത്തും മുറിവ് സംഭവിക്കാറുണ്ട്. ഇത്തരം വ്രണങ്ങൾ രണ്ടാഴ്ചയിൽ കൂടുതൽ ഉണങ്ങാതെ നിന്നാൽ ശ്രദ്ധിക്കണം. മുറിവുണ്ടാക്കുന്ന കാരണം കണ്ടെത്തി അവയ്ക്ക് പരിഹാരം തേടണം. ആറു മാസത്തിലൊരിക്കൽ ഒരു പ്രശ്നവും തോന്നിയില്ലെങ്കിൽ കൂടിയും ഒരു ദന്ത പരിശോധന നടത്തുന്നത് കവിളിലും നാക്കിലും ഒക്കെ സംഭവിച്ചിരിക്കുന്ന വ്യതിയാനങ്ങൾ നേരത്തെ കണ്ടെത്താൻ സഹായിക്കും.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
1. പുകവലിയും മദ്യപാനവും ഒഴിവാക്കുക.
2. പുകയിലയുടെ ഏത് രീതിയിലുള്ള ഉപയോഗവും നിറുത്തുക .
3. പല്ല് തേയ്ക്കുന്നതിനോടൊപ്പം ദിവസവും നാക്കും കവിളിന്റെ ഉൾഭാഗവും പരിശോധിക്കുക.
4. വേദന ഇല്ലെങ്കിലും വെളുത്തതും ചുവന്നതുമായ പാടുകൾ, വ്രണങ്ങൾ എന്നിവ കണ്ടാൽ ഡോക്ടറെ സമീപിക്കുക.
5. ആറുമാസത്തിലൊരിക്കൽ ദന്തപരിശോധന കർശനമായി ചെയ്യുക.