joy-mathew

കേരളത്തിലെ രാഷ്‌ട്രീയ സംഘർഷങ്ങൾക്കും തുടർന്നുണ്ടാകുന്ന ഹർത്താലിനുമെതിരെ കടുത്ത വിമർശവുമായി നടൻ ജോയ് മാത്യു രംഗത്ത്. കൊല്ലപ്പെട്ടവരുടെ വേർപാട് സൃഷ്‌ടിക്കുന്ന ദുഃഖം അവരുടെ സ്വന്തക്കാർക്കും ബന്ധുക്കൾക്കും മാത്രമാണെന്നും, ഹർത്താൽ പ്രഖ്യാപിച്ചാൽ അവർ തിരിച്ചുവരുമോയെന്നും ജോയ് മാത്യു തന്റെ ഫേസ്ബുക്കിൽ കുറിച്ചു. ഓരോ ജില്ലക്കാരും വിചാരിച്ചാൽ തന്നെ പ്രഹസനങ്ങളായ ശവഘോഷയാത്രകൾ അവസാനിപ്പിക്കാൻ കഴിയുമെന്നും ജോയ് മാത്യു വിമർശിക്കുന്നു.

ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം-

ശവഘോഷയാത്രകൾ

ഘോഷയാത്രകൾ ജനങ്ങളെ പേടിപ്പിക്കാനുള്ളതാണ് .അത് ജനസമ്പർക്കമായാലും ജനമൈത്രി ആയാലും ജനസംരക്ഷണമായാലും ഇനി മറ്റുവല്ല പേരിലായാലും എല്ലാം കൊലവിളികൾ ഉള്ളിൽ ഒളിപ്പിച്ച് വെച്ചുള്ള ആഘോഷയാത്രകളാണ് .


അപരനെ പോരിന് വിളിക്കുകയാണ് ഓരോ പാർട്ടിക്കാരനും . ബലിയാകുന്നതോ സാധാരണക്കാരായ ജനങ്ങളും. ഇന്നു കാസർകോഡ് രണ്ടു ചെറുപ്പക്കാരാണ് കൊലക്കത്തിക്കിരയായത് . നാളെ സർവ്വകക്ഷി യോഗം ചേരും ,നേതാക്കൾപരസ്പരം കൈകൊടുത്തും കെട്ടിപ്പിടിച്ചും പിന്നെ ചായകുടിച്ചും പിരിയും .കൊല്ലപ്പെട്ടവരുടെ വേർപാട് സൃഷ്ടിക്കുന്ന ദുഃഖം അവരുടെ സ്വന്തക്കാർക്കും ബന്ധുക്കൾക്കും മാത്രം .
ഒരു ഹർത്തൽ പ്രഖ്യാപിച്ചാൽ മരിച്ചവർ തിരിച്ചു വരുമോ ?


പുതിയൊരു സമരരൂപം പോലും വിഭാവനം ചെയ്യാൻ കഴിയാത്ത, ഒരു പണിയും ചെയ്തു ശീലമില്ലാത്ത ഘോഷയാത്രികരായ ഈ വാഴപ്പിണ്ടി രാഷ്ട്രീയക്കാരെ തിരസ്‌കരിക്കാൻ കഴിയുന്ന ഒരു തലമുറയ്‌ക്കെ ഇനി ഈ നാടിനെ രക്ഷിക്കാനാകൂ .


എല്ലാ പാർട്ടിക്കാരും അവരുടെ (ആ)ഘോഷയാത്രകൾ തുടങ്ങുന്നത് കാസർകോട്ട് നിന്നുമാണ് . ഇമ്മാതിരി ശവഘോഷയാത്രകൾ ഇനി ഈ ജില്ലയിൽ നിന്നും തുടങ്ങേണ്ട എന്ന് കാസര്‌കോട്ടുള്ളവർ ഒന്ന് മനസ്സ് വെച്ചാ മതി. അങ്ങിനെ ഓരോ ജില്ലക്കാരും ഇതുപോലെ തീരുമാനിക്കുന്ന കാലം വരുമെന്ന് നമുക്ക് സ്വപ്നം കാണാനെങ്കിലും കഴിയട്ടെ.