തിരുവനന്തപുരം: കാസർഗോഡ് കൊലപാതകം അത്യന്തം അപലപനീയമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. എന്ത് സംഭവം നടന്നാലും എന്തിന്റെ പേരിലായാലും മനുഷ്യരെ വെട്ടിക്കൊല്ലാൻ പാടില്ല, അത് പ്രാകൃത നിലപാടാണ്. ഇത്തരം സംസ്‌കാരം പാർട്ടി ഉപേക്ഷിക്കണം. തിരഞ്ഞെടുപ്പ് ആസന്നമായ സന്ദർഭത്തിൽ നടന്ന അക്രമം എതിരാളികൾക്ക് ആയുധമാകുകയാണ് ചെയ്‌തത്. അക്രമികൾ എതിരാളികളുടെ കെെയ്യിലകപ്പെട്ടവരാണെന്നും കോടിയേരി കുറ്റപ്പെടുത്തി.
സംസ്ഥാനത്ത് സമാധാനപൂർണ്ണമായ അന്തരീക്ഷം സ്ഥാപിക്കാനാണ് ഗവൺമെന്റ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ആ ശ്രമങ്ങളെ ദുർബലപ്പെടുത്തുകയാണ് ഇത്തരത്തിലുള്ള കൊലപാതകങ്ങൾ ചെയ്യുക. എന്തെല്ലാം പ്രശ്‌നങ്ങൾ ഉണ്ടായാലും അതിനുള്ള ന്യായീകരണം ആവില്ല. പാർട്ടി പ്രാദേശിക നേതൃത്വത്തിന് പങ്കുണ്ടെങ്കിൽ അവരെ പ്രതിചേർക്കണം. പാർട്ടി പ്രവർത്തകർ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ വച്ചുപൊറുപ്പിക്കില്ല. പെരിയ സംഘർഷത്തിന്റെ പേരിലായാലും അംഗീകരിക്കാനാകില്ല. രാഷ്ട്രീയ ബോധമുള്ളവരാരും തിരഞ്ഞെടുപ്പ് സമയത്ത് ഇങ്ങനെ ചെയ്യില്ലെന്നും കോടിയേരി പറഞ്ഞു.
ജില്ലയിൽ എൽ.ഡി.എഫ് ജാഥ പര്യടനം നടത്തിയ ദിവസം തന്നെയാണ് കൊലപാതകത്തിന് തിരഞ്ഞെടുത്തത്. കൊലപാതകത്തിന് പിന്നിൽ ആരായാലും അവർ സി.പി.എമ്മിന്റെ രാഷ്ട്രീയ നിലപാട് അംഗീകരിക്കുന്നവരല്ല. അത്തരക്കാരെ സി.പി.എം ഒരു കാരണവശാലും ഏറ്റെടുക്കില്ല. കുറ്റവാളികളെ കണ്ടെത്തി പോലീസ് കർശന നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സി.പി.എം പ്രവർത്തകർ മുൻകയ്യെടുത്ത് അക്രമസംഭവങ്ങൾ നടത്തരുതെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റി പരസ്യമായി ആഹ്വാനം ചെയ്‌തിട്ടുണ്ട്. ഇതിന് വിരുദ്ധമായി പ്രവർത്തിച്ചവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും കോടിയേരി ആവശ്യപ്പെട്ടു.