saritha-biju

തിരുവനന്തപുരം: സോളാർ സ്ഥാപിക്കാൻ വ്യവസായി ടി.സി.മാത്യുവിൽ നിന്ന് ഒരു കോടി അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിൽ പ്രതികളായ ബിജു രാധാകൃഷ്ണനെയും സരിതാ നായരെയും കോടതി വെറുതെ വിട്ടു. തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയുടേതാണ് വിധി. വിശ്വാസ വഞ്ചന നടന്നിട്ടുണ്ടെന്നും എന്നാൽ,​ വ്യക്തികൾ തമ്മിലുള്ള സാമ്പത്തിക ഇടപാടുകൾ ക്രിമിനൽ കേസിന്റെ പരിധിയിൽ വരില്ലെന്നും ചൂണ്ടികാട്ടിയാണ് കോടതിയുടെ നടപടി.

2013- ലായിരുന്നു കേസിനാസ്‌പദമായ തട്ടിപ്പ് നടന്നത്. ടീം സോളാർ റിന്യൂവബിൾ എനർജി സൊല്യൂഷൻസ് എന്ന സ്ഥാപനത്തിന്റെ ഡയറക്ടർ ആർ.ബി.നായർ എന്ന പേരിൽ ബിജു രാധാകൃഷ്ണനും കമ്പനിയുടെ എക്സിക്യുട്ടീവ് ഡയറക്ടർ ലക്ഷ്മി നായർ എന്ന പേരിൽ സരിത എസ്.നായരുമാണ് സോളാർ ഉപകരണ ഇടപാടിനായി ടി.സി.മാത്യുവിനെ സമീപിച്ച് പണം തട്ടിയത്. മാത്യു നൽകിയ സ്വകാര്യ ഹർജിയിൽ സരിത നായരെ ഒന്നാം പ്രതിയും, ബിജു രാധാകൃഷ്ണനെ രണ്ടാം പ്രതിയുമാക്കി പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്‌തിരുന്നു.

ഒന്നര വർഷം നീണ്ട വാദത്തിനൊടുവിലാണ് കേസിൽ ഇന്ന് വിധി പറഞ്ഞത്. സോളാർ പാനൽ സ്ഥാപിക്കുന്നതിനായി തമിഴ്നാട് സർക്കാരുമായി കരാർ ഉണ്ടാക്കാൻ പോകുകയാണെന്നും പദ്ധതിയിൽ മുതൽമുടക്കണമെന്നും മാത്യുവിനോട് ബിജുവും സരിതയും ആവശ്യപ്പെട്ടിരുന്നു. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ സോളാർ ഉപകരണങ്ങളുടെ മൊത്തവിതരണാവകാശവും വാഗ്ദാനം ചെയ്‌തിരുന്നു.