photo

കാസർഗോഡ്: കാസർകോട് പെരിയയിലെ ഇരട്ട കൊലപാതകങ്ങളിൽ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് അറിയിച്ചു. ഇവർ സഞ്ചരിച്ചിരുന്ന ബൈക്കുകളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

അതേസമയം കേസിലെ പ്രതികൾ കർണാടകയിലേക്ക് കടന്നേക്കാമെന്ന നിഗമനത്തിൽ ഡി.ജി.പി കർണാടക പൊലീസിനോട് സഹായം തേടിയിരുന്നു. തുടർന്ന് പൂർണ പിന്തുണ നൽകാമെന്ന് കർണാടക പൊലീസ് അറിയിച്ചിട്ടുണ്ട്. അന്വേഷണ സംഘം വിപുലീകരിച്ചതായും ഡി.ജി.പി വ്യക്തമാക്കി.

കൊല്ലപ്പെട്ട കൃപേഷിന്റെ പരാതിയിൽ നേരത്തെ ബേക്കൽ പൊലീസ് കേസെടുത്തിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. തനിക്ക് ഫേസ്ബുക്കിലൂടെയും വാട്സാപ്പിലൂടെയും വധഭീഷണി ഉണ്ടെന്നായിരുന്നു കൃപേഷിന്റെ പരാതി. അതേസമയം, കാസർഗോഡ് നടന്നത് രാഷ്ട്രീയ കൊലപാതകങ്ങളാണെന്നും പിന്നിൽ സിപിഎം പ്രവർത്തകരാണെന്നുമാണ് പൊലീസിന്‍റെ പ്രഥമാന്വേഷണ റിപ്പോർട്ട്.

കൊല്ലപ്പെട്ട ശ്യാംലാലിന്റെയും കൃപേഷിന്റെയും ഇൻക്വസ്റ്റ് റിപ്പോർട്ട് പുറത്തുവന്നു. കൊടുവാൾ പോലെയുള്ള മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് ഉണ്ടാക്കിയ മുറിവുകളാണ് ഇരുവരുടേയും മരണകാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു.