ചെന്നൈ: പുൽവാമ ഭീകരാക്രമണത്തിന് പിന്നാലെ കാശ്മീർ വിഷയത്തിൽ നടൻ കമലഹാസന്റെ പ്രസ്താവന വിവാദമായി. കാശ്മീരിൽ ജനഹിത പരിശോധന നടത്താൻ സർക്കാർ എന്തിനെയാണ് ഭയക്കുന്നതെന്ന് ചോദിച്ചതിനാണ് അദ്ദേഹത്തിനെതിരെ പ്രതിഷേധവുമായെത്തിയത്. തുടർന്ന് സംഭവത്തിൽ കമലഹാസൻ വിശദീകരണം നൽകി. ഹിതപരിശോധന ഈ ഘട്ടത്തിൽ പ്രസക്തമല്ലെന്നും കാശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും അദ്ദേഹം തിരുത്തി.
തന്റെ രാഷ്ട്രീയ പാർട്ടിയായ മക്കൾ നീതി മയ്യം ഞായറാഴ്ച സംഘടിപ്പിച്ച പൊതു പരിപാടിയിലായിരുന്നു കമലിന്റെ വിവാദ പ്രസംഗം.
''എന്തുകൊണ്ടാണ് ഇന്ത്യ കാശ്മീരിൽ ജനഹിത പരിശോധന നടത്താത്തത്. എന്തിനെയാണ് അവർ ഭയക്കുന്നത്. അവർ രാഷ്ട്രത്തെ വിഭജിക്കാനാണ് ശ്രമിക്കുന്നത്. എന്തുകൊണ്ട് ഈ ചോദ്യം വീണ്ടും ആവർത്തിച്ചു കൂടാ? നമ്മൾ അവരെക്കാൾ മികച്ചതാണെന്ന് തെളിയിക്കണമെങ്കിൽ ഇന്ത്യ അവരെ പോലെ പ്രവർത്തിക്കരുത്. ഇരു രാജ്യങ്ങളിലെയും രാഷ്ട്രീയക്കാർ നന്നായി പെരുമാറിയാൽ ഒരു സൈനികനും മരിക്കില്ല"-കമലഹാസൻ പറഞ്ഞു. പാക് അധിനിവേശ കാശ്‌മീരിനെ ആസാദ് കാശ്‌മീർ എന്നും കമൽ വിശേഷിപ്പിച്ചിരുന്നു.
എന്നാൽ താൻ 'മയ്യം" എന്ന പ്രസിദ്ധീകരണം നടത്തുന്ന കാലത്ത് പ്രകടിപ്പിച്ച അഭിപ്രായമാണിതെന്നും ഇന്ന് സാഹചര്യം വിഭിന്നമാണെന്നും കമൽ പിന്നീട് വിശദീകരിക്കുകയായിരുന്നു.