കേരളത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ പ്രധാന രാഷ്ട്രീയ കൊലപാതകമായി അറിയപ്പെടുന്ന വാടിക്കൽ രാമകൃഷ്ണൻ വധക്കേസിലെ പ്രതിയായ പിണറായി വിജയൻ കേരളം ഭരിക്കുകയും, കോടിയേരി ബാലകൃഷ്ണൻ സി.പി.എമ്മിന്റെ അമരത്തിരിക്കുകയും ചെയ്യുമ്പോൾ കേരളത്തിൽ രക്തപ്പുഴകൾ ഒഴുകിക്കൊണ്ടിരിക്കും. എസ്എഫ്ഐ പ്രവർത്തകനായിരുന്ന കോടിയേരിയുമായി ബന്ധപ്പെട്ട കശപിശയാണ് അന്നു വാടിക്കൽ രാമകൃഷ്ണന്റെ കൊലപാതകത്തിൽ കലാശിച്ചത്. പിണറായി സർക്കാർ അധികാരമേറ്റിട്ട് 1000 ദിവസമാകുമ്പോൾ കേരളത്തിൽ 28-ാമത്തെയും 29-ാമത്തെയും രാഷ്ട്രീയ കൊലപാതകങ്ങളാണ് കാസർകോട്ട് പെരിയ കല്യോട്ട് നടന്നിരിക്കുന്നത്. ഇന്ത്യയിൽ ഒരു സംസ്ഥാനത്തും നടക്കാത്ത അത്രയും കൊലപാതകങ്ങളാണ് വിദ്യാഭ്യാസത്തിലും സംസ്കാരത്തിലുമൊക്കെ ഒന്നാം സ്ഥാനത്തെന്ന് അവകാശപ്പെടുന്ന സംസ്ഥാനത്ത് സി.പി.എമ്മും ആർ.എസ.്എസും നടത്തുന്നത്. കേരളവും ഓരോ മലയാളിയും ഇന്ന് ലോകത്തിനു മുന്നിൽ ലജ്ജിച്ചു തലകുനിച്ചു നില്ക്കുന്നു.
കാസർകോട്ട് യൂത്ത്കോൺഗ്രസ് പ്രവർത്തകരായ കൃപേഷിന്റെയും ശരത് ലാലിന്റെയും ഇരട്ടക്കൊലപാതകം ആസൂത്രിതമായ രാഷ്ട്രീയകൊലപാതകമാണെന്ന് പൊലീസ് എഫ്ഐആറിൽ തന്നെ വ്യക്തമാണ്. കോളജിൽ വച്ച് ഉണ്ടായ കശപിശ ഒടുവിൽ കലാശിച്ചത് നിഷ്ഠൂരമായ കൊലപാതകത്തിൽ. നിസാരമായ ഒരു തർക്കം, എളുപ്പത്തിൽ പറഞ്ഞു തീർക്കാവുന്ന ഒരു പ്രശ്നം. അവിടെയാണ് സി.പി.എം കൊലക്കത്തിയുമായി ചാടിവീണത്. ശരത് ലാലിന്റെ ശരീരത്തിൽ 15 വെട്ടുകൾ ഉണ്ടായിരുന്നു. മുട്ടിനു താഴെ മാത്രം അഞ്ചിടത്ത് വെട്ടുണ്ട്. കൃപേഷിന്റെ മൂർധാവിൽ ആഴത്തിലുള്ള വെട്ടേറ്റ് തലയോട്ടി തകർന്നുപോയി. വിദഗ്ധമായ ആയുധപരിശീലനം ലഭിച്ച ക്രിമിനിലുകളാണു കൊലനടത്തിയതെന്നു സുവ്യക്തം. ഇതു കണ്ണൂർമോഡൽ കൊലപാതകമാണെന്ന് അഭിജ്ഞകേന്ദ്രങ്ങൾ ചൂണ്ടിക്കാട്ടുന്നു. ഇത് ആർക്കുവേണ്ടി നടത്തിയെന്നും ആരാണ് യഥാർത്ഥ പ്രതികൾ എന്നുമാണ് കേരളത്തിന് ഇനി അറിയേണ്ടത്.
സമാനമായ രീതിയിലാണ് ടി.പി. ചന്ദ്രശേഖരനും യൂത്ത്കോൺഗ്രസ് നേതാവ് ഷുഹൈബും ഉൾപ്പെടെയുള്ളവർ സി.പി.എമ്മിന്റെ കൊലക്കത്തിക്ക് ഇരകളായത്. ഷുഹൈബ് കൊല്ലപ്പെട്ടിട്ട് ഫെബ്രു. 12 ന് ഒരു വർഷം ആയതേയുള്ളു. ഷുഹൈബിന്റെ പൊള്ളുന്ന ഓർമകൾ ഇപ്പോഴും നമ്മുടെ മനസിൽ നീറുകയാണ്. നിസാരമായ ഒരു തർക്കത്തിന്റെപേരിലാണ് ഷുഹൈബിനെയും സി.പി.എമ്മുകാർ വകവരുത്തിയത്. ഷുഹൈബുമായി യാതൊരു വൈരാഗ്യവും ഇല്ലാത്ത സംഘമാണ് കൊലപാതകം നടത്തിയത്. ഇത് പാർട്ടിയുടെ അറിവോടെ ചെയ്ത ക്വട്ടേഷനാണെന്നു കൊച്ചുകുട്ടികൾക്കുപോലും അറിയാം. കൊലപാതകം ആസൂത്രണം ചെയ്തവരെയും നീതിപീഠത്തിനു മുന്നിൽ എത്തിക്കണം എന്നാവശ്യപ്പെട്ടാണ് ഷുഹൈബിന്റെ കുടുംബം സി.ബി.ഐ അന്വേഷണത്തിനു ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതി അതിന് ഉത്തരവിട്ടെങ്കിലും പിണറായി സർക്കാർ അതിനെതിരെ അപ്പീൽ നല്കി. സുപ്രീംകോടതിയിലെ പ്രമുഖ അഭിഭാഷകനാണ് സംസ്ഥാന സർക്കാരിനുവേണ്ടി ഈകേസിൽ കോടതിയിൽ ഹാജരാകുന്നത്. ഒരു സിറ്റിംഗിന് ലക്ഷങ്ങളാണ് ഫീസ്. സംസ്ഥാന സർക്കാരിന്റെ കീഴിൽ അഡ്വക്കേറ്റ് ജനറൽ, രണ്ട് അഡിഷണൽ അഡ്വക്കേറ്റ് ജനറൽമാർ, ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ, 150 ഓളം ഗവ. വക്കീലൻമാർ, പത്തോളം ഗവ. പ്ലീഡർമാർ തുടങ്ങിയ വൻ സന്നാഹമുള്ളപ്പോഴാണ് ഭാരിച്ച സാമ്പത്തിക ബാധ്യതയുള്ള വക്കീലിനെ സർക്കാർ ഡൽഹിയിൽ നിന്ന് ഇറക്കുമതി ചെയ്യുന്നത്. ഷുഹൈബിനെ സർക്കാരും സി.പി.എമ്മും ഇപ്പോഴും ഭയക്കുന്നുവെന്നു വ്യക്തം.
സി.ബി.ഐ അന്വേഷണങ്ങൾ
സി.ബി.ഐ അന്വേഷണസംഘത്തിന് ഏറ്റവും ജോലിഭാരമുള്ള സ്ഥലമാണിന്നു കേരളം. കണ്ണൂർ ജില്ലയിൽ മാത്രം നാലു രാഷ്ട്രീയ കൊലക്കേസുകളിൽ സിബിഐ അന്വേഷണം നടക്കുകയാണ്. അരിയിൽ ഷുക്കൂർ വധക്കേസിൽ സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജൻ, ടി.വി. രാജേഷ് എം.എൽ.എ എന്നിവർക്കെതിരേ കൊലക്കുറ്റം ചാർത്തി സി.ബി.ഐ തലശേരി കോടതിയിൽ അനുബന്ധ കുറ്റപത്രം നല്കിക്കഴിഞ്ഞു. ഇവർ സഞ്ചരിച്ചിരുന്ന വാഹനവ്യൂഹത്തിനു കല്ലെറിഞ്ഞെന്ന കുറ്റംചാർത്തി വയലിന്റെ നടുവിൽ വച്ച് താലിബാൻ മോഡൽ വിചാരണ നടത്തിയാണ് മുസ്ളിം ലീഗ് പ്രവർത്തകനായ അരിയിൽ ഷുക്കൂറിനെ വധിച്ചത്. വാഹനം ആക്രമിക്കപ്പെട്ടതിനെ തുടർന്ന് ജയരാജനും രാജേഷും ചികിത്സ തേടിയ തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ വച്ച് സി.പി.എം പ്രദേശികനേതാക്കൾ ഗൂഢാലോചന നടത്തി ഷുക്കൂറിനെ കൊലപ്പെടുത്തിയെന്നാണ് സിബിഐയുടെ കണ്ടെത്തൽ.
225 കൊലകൾ
രാജ്യത്ത് ഏറ്റവുമധികം രാഷ്ട്രീയകൊലപാതകങ്ങൾ നടക്കുന്ന ഒരു സംസ്ഥാനമാണുകേരളം. നാഷണൽ ക്രൈം റെക്കാഡ്സ് ബ്യൂറോയുടെ കണക്കു പ്രകാരം രാഷ്ട്രീയ കൊലപാതകങ്ങളിൽകേരളം യുപിക്കും ബിഹാറിനും തൊട്ടു താഴെ മൂന്നാമതാണ്. കഴിഞ്ഞ നാലു ദശകങ്ങൾക്കിടയിൽ 225 രാഷ്ട്രീയ കൊലപാതകങ്ങൾ കണ്ണൂരിൽ മാത്രം അരങ്ങേറിയെന്നു കരുതപ്പെടുന്നു.
സ്റ്റാലിനിസ്റ്റുകൾക്ക് ഇടമില്ല
കമ്യൂണിസ്റ്റ് സിദ്ധാന്തം തന്നെ കാലഹരണപ്പെടുകയും കമ്യൂണിസ്റ്റ് രാജ്യങ്ങൾ ഭൂമുഖത്തുനിന്നും അപ്രത്യക്ഷമാകുകയും ചെയ്തിട്ടും കേരളത്തിൽ മാത്രം ഉന്മൂലനസിദ്ധാന്തവും അതിന്റെ പ്രയോക്താക്കളും അവശേഷിക്കുകയാണ്. പിണറായി സർക്കാർ അധികാരമേറ്റശേഷം മുഖ്യമന്ത്രിയുടെ സ്വന്തം നാടായ പിണറായിൽപ്പോലും കൊലപാതക രാഷ്ട്രീയം അരങ്ങുതകർത്തു. എന്നാൽ കൊലപാതക രാഷ്ട്രീയത്തിന് അന്ത്യം കുറിക്കുന്നതുവരെ കോൺഗ്രസിന് വിശ്രമമില്ല. ഫാസിസ്റ്റുകൾക്കും സ്റ്റാലിനിസ്റ്റുകൾക്കുംകേരളത്തിൽ ഇടമില്ല. കൊലപാതക രാഷ്ട്രീയത്തിനെതിരേയുള്ള പോരാട്ടത്തിൽ എല്ലാ ജനാധിപത്യ വിശ്വാസികളും സമാധാനകാംക്ഷികളും ഞങ്ങളോടൊപ്പം ഉണ്ടാകുമെന്ന് എനിക്ക് ഉറച്ച വിശ്വാസമുണ്ട്.
(കെ.പി.സി.സി പ്രസിഡന്റാണ് ലേഖകൻ)