aatukal-

തിരുവനന്തപുരം: പ്രാർത്ഥനകളുടെ ഹൃദയകലശങ്ങളിൽ പുണ്യനിവേദ്യവുമായി നാളെ ആറ്റുകാൽ പൊങ്കാലയുടെ അനുഗ്രഹ

ദിനം. ദശലക്ഷക്കണക്കിനു സ്ത്രീഭക്തരുടെ വ്രതനിഷ്‌ഠയിൽ ആത്മസമർപ്പണത്തിന്റെ അഗ്നിജ്വലനം. തോറ്റംപാട്ടിന്റെ ശീലുകളിൽ പാണ്ഡ്യരാജ നിഗ്രഹത്തോടെ കണ്ണകീചരിതം പൂ‌ർണമാകുമ്പോൾ, നാളെ രാവിലെ 9.45-ന് പുണ്യാഹത്തോടെ പൊങ്കാല ചടങ്ങുകൾക്കു തുടക്കമാകും.

രണ്ടു ദിസവം മുമ്പേയെത്തി, ക്ഷേത്രപരിസരത്ത് അടുപ്പുകൂട്ടി കാത്തിരിക്കുന്നവരുണ്ട്. വിവിധ ജില്ലകളിൽ നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തു നിന്നു പോലും നേരത്തേയെത്തി ഹോട്ടലുകളിലും ബന്ധുവീടുകളിലും താമസിച്ച് പൊങ്കാലയ്‌ക്ക് ഒരുങ്ങുന്നവരുണ്ട്. നാളെ പുലരും വരെ അനന്തപുരത്തിന്റെ വഴികളെല്ലാം ചെറുനദികളായൊഴുകി നഗരത്തെ പൊങ്കാല അടുപ്പുകളുടെ അനന്തസമുദ്രമാക്കും.

തന്ത്രി തെക്കേടത്ത് കുഴിക്കാട്ട് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ശ്രീകോവിലിൽ നിന്ന് പകർന്നു കൈമാറുന്ന ദീപത്തിൽ നിന്ന് മേൽശാന്തി വിഷ്ണു നമ്പൂതിരിയാണ് വലിയതിടപ്പള്ളിയിലെ അടുപ്പു കത്തിക്കുക. ചെറിയ തിടപ്പള്ളിയിലെ അടുപ്പ് ജ്വലിപ്പിക്കുന്നത് സഹമേൽശാന്തിയാണ്. ഇവിടെനിന്ന് 10.15ന് പണ്ടാരയടുപ്പിലേക്ക് തീ പകരും. ഈ തീയാണ് അനന്തപുരിയെ ഒരൊറ്റ ഹോമകുണ്ഡമാക്കി ലക്ഷക്കണക്കിന് പൊങ്കാല അടുപ്പുകളിലേക്ക് പകർന്നെത്തുക.

ചെണ്ടമേളം മുറുകവേ, പൊങ്കാലത്തുടക്കമറിയിച്ച് വെടിക്കെട്ട് മുഴങ്ങും. ആകാശവും വായുവും അഗ്നിയും വെള്ളവും മണ്ണും ചേർന്ന പഞ്ചഭൂതങ്ങളെ സാക്ഷിയാക്കി, മൺകലങ്ങളിൽ തിളയ്‌ക്കുന്ന പെങ്കാല ആറ്റുകാലമ്മയ്‌ക്കുള്ള ഹൃദയനൈവേദ്യമാകും. ഉച്ചയ്‌ക്ക് 2.15നാണ് പൊങ്കാല നിവേദിക്കുന്നത്. ക്ഷേത്രം ട്രസ്റ്റ് ചുമതലപ്പെടുത്തിയ 250-ഓളം പൂജാരിമാർ പൊങ്കാലക്ക ലങ്ങളിൽ ദേവിയുടെ അനുഗ്രഹതീർത്ഥം തളിക്കുന്നതോടെ പ്രാർത്ഥനയിൽ ഉരുകിത്തിളച്ച സ്ത്രീമനസ്സുകൾക്ക് ധന്യതയുടെ പുണ്യാമൃതം.

ഇത്തവണ 40 ലക്ഷത്തോളം സ്ത്രീകൾ പൊങ്കാലയിടാൻ എത്തുമെന്നാണ് പ്രതീക്ഷ. ക്ഷേത്രത്തിന്റെ അഞ്ചര കിലോമീറ്റർ ചുറ്റളവിൽ പൊങ്കാല അടുപ്പുകൾ നിരക്കും. രാത്രി 7.30-നാണ് കുത്തിയോട്ടത്തിനു ചൂരൽക്കുത്ത്. പുറത്തെഴുന്നള്ളത്ത് 11.15-ന്.