ഹേഗ്: ചാരവൃത്തിക്കുറ്റം ആരോപിച്ച് പാകിസ്ഥാൻ വധശിക്ഷയ്ക്ക് വിധിച്ച ഇന്ത്യൻ പൗരൻ കുൽഭൂഷൺ ജാദവിന് നാണംകെട്ട രീതിയിൽ മനഃപൂർവം നയതന്ത്രസഹായം നിഷേധിച്ച പാകിസ്ഥാന്റെ നടപടി 1963ലെ വിയന്ന കൺവെൻഷന്റെ നഗ്നമായ ലംഘനമാണെന്ന് ഇന്ത്യ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ വാദിച്ചു. കുൽഭൂഷൺ ജാദവ് കേസിൽ ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ഇന്നലെ ആരംഭിച്ച തുറന്ന വിചാരണയിൽ ഇന്ത്യയ്ക്കുവേണ്ടി ഹാജരായ ഹരീഷ് സാൽവെയാണ് ആദ്യ വാദം ഉന്നയിച്ചത്. 2017ൽ പാക് പട്ടാള കോടതി വധശിക്ഷയ്ക്ക് വിധിച്ച കുൽഭൂഷൺ ജാദവിന് നേരിടേണ്ടിവന്ന അപഹാസ്യമായ സൈനിക വിചാരണയ്ക്കെതിരെയും ഇന്ത്യ ആഞ്ഞടിച്ചു.
ജാദവിനെതിരെ ആരോപിക്കപ്പെട്ട കുറ്റം പുനഃപരിശോധിച്ച് അദ്ദേഹത്തെ മോചിപ്പിക്കണമെന്നും ഇന്ത്യ കോടതിയിൽ വാദിച്ചു. വ്യാജരേഖകളും കെട്ടിചമച്ച കുറ്റപത്രവും നിരത്തിയാണ് പാക് പട്ടാളക്കോടതി കുൽഭൂഷൺ ജാദവിന് വധശിക്ഷ വിധിച്ചത്. കുൽഭൂഷൺ എവിടെയാണെന്നത് അജ്ഞാതമാണെന്നും രാജ്യാന്തര ഉടമ്പടിയെ പാകിസ്ഥാൻ മാനിക്കുന്നില്ലെന്നും ഇന്ത്യ വ്യക്തമാക്കി.
കുൽഭൂഷൺ ജാദവിന്റെ വധശിക്ഷയ്ക്കെതിരെ 2017 മേയിലാണ് ഇന്ത്യ രാജ്യാന്തര കോടതിയെ സമീപിച്ചത്. അന്തിമ തീർപ്പുണ്ടാകുന്നതു വരെ ജാദവിന്റെ വധശിക്ഷ നടപ്പാക്കരുതെന്ന രാജ്യാന്തര കോടതി ഉത്തരവ് നിഷ്കളങ്കനായ ഒരിന്ത്യക്കാരന്റെ ജീവനാണ് സംരക്ഷിച്ചതെന്നും ഹരീഷ് സാൽവെ കോടതിയിൽ വ്യക്തമാക്കി. വ്യാജപ്രചാരണങ്ങൾക്കായി കുൽഭൂഷന്റെ ജീവിതം പാകിസ്ഥാൻ ഉപയോഗിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പാക് ജഡ്ജിക്ക് ഹൃദയാഘാതം
വാദത്തിനിടെ പാകിസ്ഥാനുവേണ്ടിയുള്ള അഡ്‌ഹോക് ജഡ്ജിക്ക് ഹൃദയാഘാതമുണ്ടായതായി പാക് മാദ്ധ്യമം റിപ്പോർട്ട് ചെയ്തു. പാക് ജഡ്ജി തസഡുക് ഹുസൈൻ ഗിലാനിയെയാണ് ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
വാദമുഖങ്ങൾ ഇങ്ങനെ
കുൽഭൂഷൺ ജാദവിന് നയതന്ത്രസഹായം നിഷേധിച്ചു
കുൽഭൂഷണെതിരെ പാകിസ്ഥാൻ കുപ്രചാരണം നടത്തുന്നു
ചാരവൃത്തി ആരോപണം കെട്ടിച്ചമച്ചത്
പാകിസ്ഥാൻ ഉയർത്തിക്കാട്ടുന്ന കുൽഭൂഷന്റെ കുറ്റസമ്മതമൊഴി തെറ്റ്
നിയമസഹായം ലഭ്യമാക്കാൻ പാകിസ്ഥാൻ തടസം നിൽക്കുന്നു
പല തവണ കത്തെഴുതിയെങ്കിലും നടപടിയെടുക്കാത്തത് രാജ്യാന്തര ഉടമ്പടി ലംഘനം