ന്യൂഡൽഹി: കേന്ദ്രസർക്കാരിന് നടപ്പു സാമ്പത്തിക വർഷത്തെ ഇടക്കാല ലാഭവിഹിതമായി 28,000 കോടി രൂപ നൽകാൻ റിസർവ് ബാങ്കിന്റെ ഡയറക്‌ടർ ബോർഡ് യോഗം തീരുമാനിച്ചു. നടപ്പുവർഷത്തെ ലാഭവിഹിതമായി 40,000 കോടി രൂപ നേരത്തേ കൈമാറിയിരുന്നു. തുടർച്ചയായ രണ്ടാം സാമ്പത്തിക വർഷമാണ് കേന്ദ്രസർക്കാരിന് റിസർവ് ബാങ്ക് ഇടക്കാല ലാഭവിഹിതം നൽകുന്നത്. കഴിഞ്ഞവർഷം ഈയിനത്തിൽ കൈമാറിയത് 10,000 കോടി രൂപയാണ്.
റിസർവ് ബാങ്കിന്റെ സാമ്പത്തിക മൂലധന ചട്ടം സംബന്ധിച്ച് പഠിക്കാൻ നിയോഗിച്ച മുൻ ഗവർണർ ഡോ. ബിമൽ ജലാൻ കമ്മിറ്രിയുടെ ശുപാർശ പ്രകാരമാണ് ഇടക്കാല ലാഭവിഹിതം കൈമാറുന്നത്. ഇടക്കാല ലാഭവിഹിതം, കരുതൽ ധനശേഖരം എന്നിവയുമായി ബന്ധപ്പെട്ട് കേന്ദ്രവുമായുണ്ടായ പോരിന് പരിഹാരം കാണാനാണ് സമിതിയെ നിയോഗിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കേ, ജനപ്രിയ പദ്ധതികൾക്കായി കൂടുതൽ പണം ചെലവാക്കാൻ ഈ തുക കേന്ദ്രത്തിന് സഹായകമാകും.