കൊച്ചി: സംസ്ഥാനത്ത് സ്വർണവില ഇന്നലെ ചരിത്രത്തിലെ ഏറ്രവും ഉയർന്ന നിരക്കിലെത്തി. പവന് 120 രൂപ ഉയർന്ന് 24,920 രൂപയും ഗ്രാമിന് 15 രൂപ വർദ്ധിച്ച് 3,115 രൂപയുമാണ് വില. ഫെബ്രുവരി നാലിന് പവൻവില കുറിച്ച 24,880 രൂപയുടെ റെക്കാഡാണ് പഴങ്കഥയായത്. അന്ന് ഗ്രാം വില 3,110 രൂപയായിരുന്നു.
രാജ്യാന്തര വിപണിയിലെ വിലക്കുതിപ്പ്, ഡോളറിനെതിരെ രൂപയുടെ മൂല്യത്തകർച്ച മൂലം ഇറക്കുമതി ചെലവിലുണ്ടായ വർദ്ധന, വിവാഹ സീസൺ പ്രമാണിച്ചുള്ള ഉയർന്ന ഡിമാൻഡ് എന്നിവയാണ് സ്വർണവിലയുടെ മുന്നേറ്റത്തിന് വളമാകുന്നത്. കഴിഞ്ഞവാരം ഔൺസിന് 1,321 ഡോളറായിരുന്ന രാജ്യാന്തര സ്വർണവില ഇന്നലെ 1,325.45 ഡോളറിലെത്തി. ഡോളറിനെതിരെ 11 പൈസ ഇടിഞ്ഞ് 71.34 എന്ന നിലയിലാണ് ഇന്നലെ രൂപയുടെ മൂല്യം. അന്താരാഷ്‌ട്ര-ആഭ്യന്തര തലങ്ങളിൽ നിന്ന് ഒട്ടേറെ വെല്ലുവിളികൾ ഉള്ളതിനാൽ രൂപ കൂടുതൽ ഇടിയാനുള്ള സാദ്ധ്യതയുണ്ട്. സ്വർണവില പവന് വൈകാതെ 25,000 രൂപ കടക്കുമെന്ന സൂചനയാണ് ഇതു നൽകുന്നത്.